കായംകുളം: വീട്ടിൽ ബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയുടെയും ഭർത്താവിന്റെയും കുഞ്ഞിന്റെയും സ്വർണാഭരണങ്ങൾ കവർന്ന പൂജാരിയെ കായംകുളം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കായംകുളം ഗോവിന്ദമുട്ടത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന മാവേലിക്കര പൊന്നാരംതോട്ടം വിജയഭവനിൽ അരുണ്രാജി(26)നെയാണ് കോടതി റിമാൻഡ് ചെയ്തത്.
ഇന്നലെ കായംകുളം സിഐ പി.കെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി സ്വദേശിയായ യുവതിയുടെയും ഭർത്താവിന്റെയും കുഞ്ഞിന്റെയും നാലരപവൻ സ്വർണാഭരണങ്ങളാണ് ഇയാൾ അപഹരിച്ചത്. യുവതിയുടെ ഭർത്താവുമായി പൊരുത്തക്കേടുണ്ടെന്നും രാത്രി ഞെട്ടി ഉണർന്നുള്ള കുഞ്ഞിന്റെ കരച്ചിൽ ബാധയുടെ ഉപദ്രവമാണെന്നും ഇയാൾ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു.
അതിനാൽ പൂജ നടത്തി ബാധ ഒഴിപ്പിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതിനായി വീട്ടിലെത്തിയ ഇയാൾ യുവതിയുടെ ഉൾപ്പെടെ ഓരോരുത്തരുടേയും സ്വർണാഭരണങ്ങൾ പൂജിക്കാനാണെന്ന് പറഞ്ഞ് വാങ്ങിയശേഷം കടന്നുകളയുകയായിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ യുവതി കായംകുളം പോലീസിൽ പരാതി നൽകി. മൊബൈൽ ഫോണ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപഹരിച്ച സ്വർണാഭരണങ്ങൾ കാർത്തികപ്പള്ളിയിലെ ഒരു പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചതായും പോലീസ് കണ്ടെത്തി.