കണ്ണൂർ: വിശ്വാസത്തിന്റെ മറവിൽ വ്യാജ ചികിത്സ കണ്ണൂരിലും വ്യാപകമാകുന്നു. രോഗം വന്നാൽ ചികിത്സിക്കാതെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചുള്ള വ്യാജ ചികിത്സയാണ് വ്യാപകമാകുന്നത്.
ഇന്നലെ ചികിത്സ കിട്ടാതെ പനിബാധിച്ച് മരിച്ച പതിനൊന്നുകാരിയും ഇത്തരം ചികിത്സയക്ക് വിധേയമായിട്ടുണ്ടെന്നാണ് സൂചന.
കുട്ടിയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ചൂണ്ടികാട്ടി കണ്ണൂർ സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാവുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചും ഇത്തരം ചികിത്സ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇന്നലെ മരിച്ച കുട്ടിയുടെ കുടുംബത്തിൽ പെട്ട മൂന്ന് പേർ ഇതിനുമുന്പ് സമാന രീതിയിൽ മരിച്ചിരുന്നു.
സിറ്റി പ്രദേശത്ത് മാത്രമായി ഏഴു പേർ ഇത്തരത്തിൽ മരിച്ചതായാണ് വിവരം. അന്ന് വ്യാജ ചികിത്സയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വിശ്വാസത്തിന്റെ മറവിൽ വ്യാജ ചികിത്സ നടത്തിയ കണ്ണൂർ സിറ്റി സ്വദേശികൾക്കെതിരെ കോടതി കേസെടുത്തിട്ടുണ്ട്. ഉമ്മയും സഹോദരനും മരിച്ചെന്ന് പറഞ്ഞ് സിറ്റി സ്വദേശി കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.