ശാസ്താംകോട്ട : അന്ധവിശ്വാസത്തെ തുടർന്ന് അയൽ വീട്ടിലെ ഇരുചക്ര വാഹനങ്ങൾ കത്തിച്ച ദുർമന്ത്രവാദി അറസ്റ്റിൽ. പോരുവഴി വടക്കേമുറി പുത്തലത്തിൽ രാജേന്ദ്രൻ(46) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്.
വടക്കേമുറി അനുജ ഭവനത്തിൽ അനിൽകുമാറിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറും ബൈക്കുമാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 3.40ഓടെ കത്തിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
മന്ത്രവാദിയായ രാജേന്ദ്രന്റെ കുടുംബം സാമ്പത്തികമായി പിന്നോക്കമായിരുന്നു. താൻ സാമ്പത്തിമായി മെച്ചപ്പെടാത്തിന്റെ കാരണം അനിൽകുമാറും കുടുംബവുമാണെന്ന അന്ധവിശ്വാസമാണ് ഇരുചക്രവാഹനങ്ങൾ കത്തിക്കാനായി പ്രേരിപ്പിച്ചത്. ഇങ്ങനെ ചെയ്താൽ സാമ്പത്തികമായി ഉയരുമെന്ന വിശ്വാസവും പ്രതിക്കുണ്ടായിരുന്നു.
സംഭവമറിഞ്ഞ് ഉടൻ തന്നെ ശൂരനാട് എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കുറിച്ച് വിവരം കിട്ടിയില്ല.
അനിൽകുമാറിന്റെ കുടുംബത്തിന് ആരെയും സംശയമോ പരാതിയോ ഇല്ലെന്ന് അറിയിച്ചത് അന്വേഷണം ദുഷ്ക്കരമാക്കുകയും പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.
ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല.സമീപത്തെ വീടുകളിലെ സിസിടിവിയുടെ സഹായത്തോടെയാണ് പിന്നീട് പ്രതിയെ തിരിച്ചറിഞ്ഞത്.
വാഹനം കത്തിക്കുന്നതിനായി ചക്കുവളളിയിലെ പെട്രോൾ പമ്പിൽ നിന്നും അഞ്ച് ലിറ്റർ പെട്രോൾ വാങ്ങുകയും പുലർച്ചേ അനിൽകുമാറിന്റെ വീട്ടിലെത്തി വാഹനങ്ങൾ കത്തിച്ച ശേഷം ഉപയോഗിച്ച കന്നാസ് സമീപത്തെ കനാലിൽ ഉപേക്ഷിച്ച് ഒളിവിൽ പോകുകയായിരുന്നു.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശൂരനാട് സിഐ ഫിറോസിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീജിത്ത്, ചന്ദ്രമോൻ, വിപിൻ, ഹർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.