കൊല്ലം: മനോരോഗചികിത്സയ്ക്കായി മന്ത്രവാദവും ബാധ ഒഴിപ്പിക്കലും നടത്തി യുവതിയെ ദാരുണമായി കൊലചെയ്ത കേസില്‍ ഒന്നാംപ്രതി മന്ത്രവാദിക്ക് ജീവപര്യന്തം തടവ്. മാവേലിക്കര പാലമേല്‍ ആദിക്കാട്ടുകുളങ്ങര ബിസ്മി മന്‍സിലില്‍ സിറാജുദീന്‍ എന്ന് വിളിക്കുന്ന മുഹമ്മദ് സിറാജിനെ(40)യാണ് ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി-ആറ് ജഡ്ജി എം മനോജ് ശിക്ഷിച്ചത്.
രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. തഴവ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ വീട്ടില്‍ ഹസന്റെ മകള്‍ ഹസീന(27) ആണ് കൊല്ലപ്പെട്ടത്. 2014 ജൂലൈ 12ന് രാത്രിയിലായിരുന്നു കേസിനാസ്പദായ സംഭവം. 14 വര്‍ഷമായി മനോരോഗചികിത്സയിലായിരുന്നു ഹസീന.
ചികിത്സിച്ച് രോഗം ഭേദമാക്കാമെന്ന് പറഞ്ഞെത്തിയ ഒന്നാംപ്രതി തുടര്‍ച്ചയായ മന്ത്രവാദ ചികിത്സയ്ക്ക് ശേഷം രാത്രി 12 ഓടെ യുവതിയെ വീട്ടിലെ ഹാള്‍മുറിയില്‍ തറയില്‍ കമിഴ്ത്തിക്കിടത്തി കാല്‍മുട്ടുകള്‍ ഹസീനയുടെ നട്ടെല്ലുഭാഗത്ത് വച്ച് അമര്‍ത്തുകയും തല ശക്തിയായി മുകളിലേക്ക് വലിച്ചുയര്‍ത്തി നട്ടെല്ലൊടിച്ചും ആന്തരികാവയവങ്ങള്‍ക്ക് മാരകമായ പരിക്കുകളേല്‍പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഇയാള്‍ക്ക് സഹായം ചെയ്തുകൊടുത്ത യുവതിയുടെ പിതാവ് ഉള്‍പ്പെടെ അഞ്ചുപ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്കി വിട്ടയച്ചു.പ്രോസിക്യൂഷന് ഭാഗത്തുനിന്ന് വിസ്തരിച്ച 19 സാക്ഷികളില്‍ സംഭവം കണ്ട ഹസീനയുടെ ബന്ധുക്കളും അയല്‍വാസികളും കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. പ്രോസിക്യൂഷന് ഹാജരാക്കിയ 35 രേഖകളും 40 തൊണ്ടിമുതലുകളും കോടതി തെളിവായി സ്വീകരിച്ചു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സിറാജുദീന്‍, സഹായിയായ നാലാംപ്രതിയെ ഏല്പിച്ചുപോയ ബ്രീഫ്കെയ്സ് പോലീസ് കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുള്ളിലെ ഒരു ഡയറിയില്‍ സിറാജുദീനെ പെറ്റികേസില്‍ ശിക്ഷിച്ചതിന്റെ രസീത് സൂക്ഷിച്ചുവച്ചിരുന്നത് പ്രോസിക്യൂഷന് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയത് കേസില്‍ നിര്‍ണായക വഴിത്തിരിവായി.
ഹസീനയെ സംഭവദിവസം രാത്രി കരുനാഗപ്പള്ളിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ച അവസരത്തില്‍ സിറാജുദീനും ഒപ്പമുണ്ടായിരുന്നതായി ആശുപത്രിയിലെ നഴ്സും അറ്റന്‍ഡറും കോടതിയില്‍ തിരിച്ചറിഞ്ഞു. ഹസീനയുടേത് സാധാരണ മരണമാണെന്ന് വരുത്തി കബറടക്കത്തിന് ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ സമീപവാസികള്‍ സിറ്റിപോലീസ് കമ്മിഷണര്‍ക്ക് രഹസ്യവിവരം കൈമാറി.
തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് താലൂക്ക് ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോഴാണ് സംശയകരമായ രീതിയില്‍ പരിക്കുകള്‍ കണ്ടത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിദഗ്ധഡോ.
വത്സല നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. കരുനാഗപ്പള്ളി സിഐ ആയിരുന്ന വിദ്യാധരന് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ മനോജ് കോടതിയില്‍ ഹാജരായി.