തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന നവംബറിൽ നടന്നേക്കും.
നിലവിലെ മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും. പകരം മുൻധാരണ പ്രകാരം കേരള കോണ്‍ഗ്രസ് – ബിയിൽനിന്നു കെ.ബി. ഗണേഷ്കുമാറും കോണ്‍ഗ്രസ് എസിൽ നിന്നും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും.
ഗതാഗതവകുപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ബി നേരത്തെ തീരുമാനമെടുത്തിരുന്നു. ഗണേഷ് കുമാറിന് വനംവകുപ്പും മറ്റ് വകുപ്പുകളും നൽകിയേക്കും.
ഗതാഗതം എ.കെ.ശശീന്ദ്രന് നൽകും. നിലവിൽ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ്. അതേസമയം ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്ന കാര്യത്തിൽ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായമുയരുന്നുണ്ട്. സോളാര്‍ വിവാദം വീണ്ടും കത്തി നിൽക്കുന്നതിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതിലാണ് സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുയർന്നിരിക്കുന്നത്.
അതേ സമയം സ്പീക്കർ സ്ഥാനത്ത് നിന്നു എ.എൻ. ഷംസീറിനെ മാറ്റി മന്ത്രിസഭയിൽ കൊണ്ട് വരുന്നതിനെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഷംസീറിന് പകരം വീണാ ജോർജിനെ സ്പീക്കറാക്കാനുള്ള ചർച്ചകളും നടക്കുകയാണ്.
സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തര പ്രമേയത്തിലും പ്രതിപക്ഷത്തിന്റെ പല ആരോപണങ്ങളിലും സ്പീക്കർ ഭരണപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് സിപിഎം എംഎൽമാർക്കിടയിൽ അതൃപ്തിയുണ്ട്.
ഈ സാഹചര്യത്തിലാണ് സ്പീക്കർ സ്ഥാനത്തുനിന്ന് ഷംസീറിനെ മാറ്റുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നതെന്നാണ് അറിയുന്നത്. 20 ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ മന്ത്രിസഭ പുനഃസംഘടന ഉൾപ്പെടെ ചർച്ചയാകും.
എം.വി. ശ്രേയാംസ്കുമാറിന്റെ പാർട്ടിയായ എൽജെഡിയും മന്ത്രിസ്ഥാനം ആവശ്യപ്പെടും. എൽജെഡി സംസ്ഥാന കമ്മിറ്റി ഈ ആവശ്യം എൽഡിഎഫിൽ ഉന്നയിക്കണമെന്ന് ശ്രേയാംസ്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.