അന്പലപ്പുഴ: യുവാവിനെ വെട്ടി കൊലപെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഉൗർജിതം.
അന്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം വൃക്ഷവിലാസം തോപ്പിൽ മനു എന്നു വിളിക്കുന്ന ആണ്ടവൻ മനു(32) വിനെയാണ് പുന്നപ്ര എസ്ഐ കെ. രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ സംഘം തെരയുന്നത്.
ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ മനുവും മറ്റ് രണ്ട് യുവാക്കളും ചേർന്ന് വണ്ടാനം പാണ്ടിമുക്കിൽ പുതുവൽ വീട്ടിൽ ഷമീർ എന്ന യുവാവുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഷമീറിനെ പ്രതികൾ മാരകായുധങ്ങളുപയോഗിച്ച് വെട്ടി പരിക്കേൽപിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ വെട്ടിച്ച് മനു കടന്നെങ്കിലും അറസ്റ്റിലായ മറ്റു പ്രതികൾ പിടിയിലായി. അവരിപ്പോൾ റിമാന്റിലാണ്.
പുന്നപ്ര അന്പലപ്പുഴ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മനു കഞ്ചാവുകേസിലും പ്രതിയാണ്. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് ഇയാൾക്കായി അന്വേഷണം നടക്കുന്നതെന്ന് എസ്ഐ പറഞ്ഞു.