പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടിപ്പോയ ഭർത്താവ് അറസ്റ്റിൽ.പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനെയാണ് കോയന്പത്തൂരിലെ ബന്ധുവീട്ടിൽനിന്ന് ഹേമാംബിക പോലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയാണ് മനുവിന്റെ ഭാര്യ.
വിവാഹ സമയത്ത് 41 പവൻ ആഭരണം നൽകിയിരുന്നു. കൂടുതൽ സ്വർണം വേണമെന്നും വസ്തു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിച്ചപ്പോൾ പരാതിയെത്തുടർന്ന് മനുവിനെതിരെ കേസെടുത്തു.
പ്രസവ ശേഷം ഭർതൃവീട്ടിൽ വന്ന യുവതിയെ വീട്ടിൽ കയറ്റാതെ വീടുപൂട്ടി മനു സ്ഥലം വിടുകയായിരുന്നു. ഗാർഹിക പീഡന നിരോധന നിയമ പ്രകാരം കോടതിയിൽ നിന്നും ഉത്തരവുമായി എത്തിയ യുവതിക്ക് വീട് തുറന്നുകൊടുക്കാത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും വരാന്തയിലാണ് കഴിഞ്ഞത്.
ശനിയാഴ്ച മുതലാണ് മനുവിനെ കാണാതായത്.ഡിവൈഎസ്പി ശശികുമാറിന്റെ നിർദേശ പ്രകാരം ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിൻ, എസ്ഐ അനൂപ്, എഎസ്ഐ വിജയകുമാർ, സിപിഒ സി.എൻ. ബിജു, നാസർ എന്നിവരടങ്ങിയ സംഘം പ്രതിയെ കോയന്പത്തൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.