മെക്സിക്കോ സിറ്റി: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ പതിനാറുകാരി മനു ഭാകര്ക്കു സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രവി കുമാര്‍ വെങ്കലം നേടി. ഫൈനലില്‍ മനു മെക്സിക്കോയുടെ അലജാന്‍ഡ്ര സാവലായെ പരാജയപ്പെടുത്തിയാണ് സ്വര്‍ണം നേടിയത്.
അലജാന്‍ഡ്ര രണ്ടു തവണ ലോകകപ്പ് ഫൈനല്‍സ് ജേതാവാണ്. 24 ഷോട്ടുകളുള്ള ഫൈനലിലെ അവസാന ഷോട്ടില്‍ 10.8 പോയിന്റ് നേടിയ മനു 237.5 പോയിന്റുമായാണ് സ്വര്‍ണത്തിലെത്തിയത്. സാവാലയ്ക്ക് 237.1 പോയിന്റ്, വെങ്കലം നേടിയ ഫ്രാന്‍സിന്റെ സെലിന് ഗോബര്വിലെയ്ക്കു 217 പോയിന്റ്. മറ്റൊരു ഇന്ത്യന്‍ താരം യശ്വിനി സിംഗ് ദേസ്വാള് നാലാം സ്ഥാനത്തെത്തി.
11-ാം ക്ലാസുകാരിയായ മനു നേരത്തെതന്നെ ബുവനോസ് ആരീസില്‍ നടക്കുന്ന 2018 യൂത്ത് ഒളിമ്പിക് ഗെയിംസിനു യോഗ്യത നേടിയിരുന്നു.10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിക്കൊണ്ട് രവി കുമാര്‍ ലോകകപ്പിലെ തന്റെ ആദ്യത്തെ മെഡല്‍ സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷം മൂന്നു ഫൈനലുകളില്‍ പ്രവേശിച്ച, ഇതില്‍ ലോകകപ്പ് ഫൈനല്‍സും ഉള്‍പ്പെടുന്നു, രവിക്ക് മെഡല്‍ നേടാനായില്ല. 226.4 പോയിന്റ് നേടിക്കൊണ്ടാണ് ഇന്ത്യന്‍ താരം മൂന്നാം സ്ഥാനത്തെത്തിയത്. ലോക ഒന്നാം നമ്പറും ഹംഗറിയുടെ യുവതാരം ഇസ്ത്വാന് പെനി (249.5 പോയിന്റ്) സ്വര്‍ണവും ഓസ്ട്രിയയുടെ അലക്സാണ്ടര്‍ ഷ്മ്രില് (248.7 പോയിന്റ്) വെള്ളിയും നേടി.