ചണ്ഡിഗഡ്: ഇന്ത്യക്കുവേണ്ടി ഒരു ഒളിമ്പിക്സില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ വനിതാ ഷൂട്ടര്‍ മനു ഭാകറിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്നയ്ക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താതെ സര്‍ക്കര്‍.
സംഭവം വിവാദമായതോടെ മനു ഭാകര്‍ നോമിനേഷന് നല്‍കിയിട്ടില്ലെന്ന വിചിത്ര മറുപടിയാണ് ദേശീയ സ്പോര്‍ട്സ് ഡേ കമ്മിറ്റി നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രമണ് അടക്കമുള്ള കമ്മിറ്റിയാണ് മനു ഭാകറിനെതിരേ മുഖംതിരിച്ചത്.
അതേസയം, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്കാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും ഒരു മറുപടിയും ലഭിച്ചില്ലെന്നുമായിരുന്നു മനു ഭാകറിന്റെ അച്ഛന് രാമകൃഷ്ണയുടെ വെളിപ്പെടുത്തല്‍.
ഒളിമ്പിക്സില്‍ രാജ്യത്തിനുവേണ്ടി രണ്ടു മെഡല്‍ സ്വന്തമാക്കിയിട്ടുപോലും ഖേല്‍ രത്നയ്ക്കുവേണ്ടി കെഞ്ചേണ്ട അവസ്ഥയാണോ രാജ്യത്തുള്ളത്. ഇങ്ങനെയാണോ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് എന്നും രാമകൃഷ്ണ ചോദിച്ചു.
ഫൈനല്‍ ലിസ്റ്റ് ആയിട്ടില്ല
മനു ഭാകറിന്റെ അച്ഛന്റെ പ്രതികരണങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഖേല്‍ രത്നയ്ക്കുള്ള അന്തിമ പട്ടിക ആയിട്ടില്ലെന്നും സൂഷ്മപരിശോധനകള്‍ നടന്നുവരുന്നതേയുള്ളൂ എന്നും കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.
പ്രത്യേകമായി അപേക്ഷിക്കാതെതന്നെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഈ വര്‍ഷം ആദ്യം അര്‍ജുന അവാര്‍ഡ് ലഭിച്ചിരുന്നു. 2020ല്‍ മനു ഭാകറിനു രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയതാണ്. 2024 പാരീസ് ഒളിമ്പിക്സില്‍ വനിതാ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ പിസ്റ്റണ്‍ മിക്സഡ് ടീം ഇനത്തിലും വെങ്കലം നേടിയിരുന്നു.
ഹോക്കി താരം ഹര്‍മന്‍പ്രീത് സിംഗ്, പാരാ അത്ലറ്റ് പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ക്ക് ഖേല്‍ രത്ന പുരസ്കാരത്തിനുള്ള ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ഗുസ്തി താരം അമന്, ഷൂട്ടര്‍ സ്വപ്നില്‍, രബ്ജോത് തുടങ്ങിയ 30 താരങ്ങള്‍ക്ക് അര്‍ജുന പുരസ്കാരത്തിനും നോമിനേഷന് ലഭിച്ചു.