രാജ്യത്തിന് നിരവധി അത്ലറ്റുകളെ സമ്മാനിച്ച ഹരിയാനയിൽനിന്നാണ് മനു ഭാകറുടെ വരവ്. ഹരിയാനയിലെ ജജ്വറിൽ ജനിച്ച താരം കുട്ടിക്കാലത്തുതന്നെ കായികമേഖലയുമായി അടുപ്പത്തിലായി. ടെന്നീസ്, സ്കേറ്റിംഗ്, ബോക്സിംഗ്, ആയോധന കലയായ തങ് ടാ എന്നിവയിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു.
2016ലെ റിയോ ഒളിന്പിക്സാണ് മനുവിനു ഷൂട്ടിംഗിലേക്കു പ്രചോദനം നല്കിയത്. അപ്പോൾ 14 വയസായിരുന്നു. ഷൂട്ടിംഗിലുള്ള താത്പര്യം പിതാവ് രാം കിഷൻ ഭാകറെ അറിയിച്ച മനു ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അച്ഛനെക്കൊണ്ട് സ്പോർട്സ് പിസ്റ്റൾ വാങ്ങിപ്പിച്ചു. ഇവിടെ മുതലാണ് മനുവിന്റെ ഷൂട്ടിംഗ് യാത്ര ആരംഭിക്കുന്നത്.
മനുവിന്റെ ഉദയം കണ്ടത് 2017ലെ ദേശീയ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിലാണ്. 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ ഹീന സിദ്ധുവിനെ തോൽപ്പിച്ച് സ്വർണം നേടിയത് രാജ്യത്തെ ഞെട്ടിച്ചു.
മികവ് തുടർന്ന മനു ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പിൽ വെള്ളി നേടി. മറ്റ് അന്താരാഷ്ട്ര ഷൂട്ടിംഗ് ചാന്പ്യൻഷിപ്പുകളിലും മികവ് ആവർത്തിച്ചു. 2018 ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ ഗെയിംസ് റിക്കാർഡിലൂടെ ഫൈനലിലെത്തിയെങ്കിലും മെഡൽ നേടാനായില്ല.
2018 യൂത്ത് ഒളിന്പിക്സിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിക്കൊണ്ട് ചരിത്രം കുറിച്ചു. യൂത്ത് ഒളിന്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടറും ആദ്യ വനിതാ അത്ലറ്റുമായി.