പാരീസ്: പാരീസ് ഒളിന്പിക്സിൽ ചരിത്രം കുറിച്ച് മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ വെങ്കല മെഡലിൽ മുത്തമിട്ടു. പാരീസിൽ ഇന്ത്യ നേടുന്ന ആദ്യത്തേതും ഒളിന്പിക്സിൽ ഒരു ഇന്ത്യൻ വനിതാ ഷൂട്ടറുടെ ആദ്യ മെഡലുമാണിത്. 221.7 പോയിന്റുമായാണ് മനു ഭാകർ വെങ്കലത്തിൽ മുത്തമിട്ടത്. ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടിലും ഇന്ത്യയുടെ യുവതാരം മൂന്നാം സ്ഥാനത്തായിരുന്നു. ഫൈനലിന്റെ തുടക്കം മുതലേ മൂന്നാം സ്ഥാനം നിലനിർത്താൻ മനുവിനായി. കൊറിയയ്ക്കാണ് സ്വർണവും വെള്ളിയും.
12 വർഷത്തിനുശേഷമാണ് ഒളിന്പിക്്സ് ഷൂട്ടിംഗിൽ ഇന്ത്യ മെഡൽ നേടുന്നത്. 2012 ലണ്ടൻ ഒളിന്പിക്സിലാണ് ഇന്ത്യ അവസാനമായി ഷൂട്ടിംഗിൽ മെഡൽ നേടിയത്. അന്ന് റാപ്പിഡ് ഫയർ പിസ്റ്റളിൽ വിജയ് കുമാർ വെള്ളിയും 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നാരംഗ് വെങ്കലവും നേടി. ഇതിനുശേഷം ഇന്ത്യ ഷൂട്ടിംഗിൽ നേടുന്ന ആദ്യ മെഡലാണ് ഇരുപത്തിരണ്ടുകാരിയിലൂടെ സ്വന്തമാക്കിയത്.
അഞ്ചാമത്തെ മെഡൽ
ഒളിന്പിക് ഷൂട്ടിംഗിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണ് മനു നേടിയത്. അഭിനവ് ബിന്ദ്ര, രാജ്യവർധൻ സിംഗ് റത്തോഡ്, വിജയ് കുമാർ, ഗഗൻ നാരംഗ് എന്നിവരാണ് ഇതിനുമുന്പ് മെഡൽ നേടിയവർ.
തിരിച്ചുവരവ്
മൂന്നു വർഷത്തിനുമുന്പ് ടോക്കിയോ ഒളിന്പിക്സിൽ മെഡൽ പ്രതീക്ഷയുമായെത്തി ഫൈനലിൽ പോലുമെത്താതെ വെറുംകയ്യോടെ മടങ്ങേണ്ടിവന്ന മനുവിന്റെ വൻ തിരിച്ചുവരവാണ് പാരീസിലെ ഷൂട്ടിംഗ് റേഞ്ചിൽ കണ്ടത്. 2021ൽ നടന്ന ഒളിന്പിക്സിൽ ഫൈനലിൽ പ്രവേശിക്കാൻ താരത്തിനായില്ല. ആ നിരാശയിൽ ആകെ തകർന്ന ഇരുപത്തിരണ്ടുകാരി വെങ്കലത്തിലൂടെ പാരീസിൽ ചരിത്രമെഴുതി.
യോഗ്യതാ റൗണ്ടിൽ 580 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തിയാണ് മനു ഫൈനലെത്തിയത്. ഫൈനലിൽ ഒരു ഘട്ടം വരെ വെള്ളി മെഡൽ പ്രതീക്ഷകളും നിലനിർത്താൻ യുവതാരത്തിനായി. 0.1 പോയിന്റ് ലീഡ് മനുവിനുണ്ടായിരുന്നു. എന്നാൽ അവസാന ഷോട്ടിൽ 10.3 പോയിന്റ് മനു നേടിയപ്പോൾ വെള്ളി നേടിയ കിം യെജി 10.5 പോയിന്റ് നേടി മനുവിന്റെ വെള്ളി മെഡൽ മോഹം തകർത്തു.കൊറിയയുടെതന്നെ ഓ യെ ജിൻ ഒളിന്പിക് റിക്കാർഡ് (243.2) നേടിക്കൊണ്ടാണ് സ്വർണത്തിൽ മുത്തമിട്ടത്.