മങ്കൊന്പ്: ഒന്നരമാസത്തെ കാത്തിരിപ്പിനുശേഷം മാന്ത്രികപ്പെട്ടി തുറന്നപ്പോൾ പ്രവചനഫലമറിയാനെത്തിയവരുടെ കണ്ണുതള്ളി. വോട്ടെടുപ്പു ദിനത്തിൽ ദൃശ്യമാധ്യമങ്ങളിലും പിറ്റേന്ന് പത്രമാധ്യമങ്ങളിലും കണ്ട അതേ ഫലം മാന്ത്രികപ്പെട്ടിക്കുള്ളിൽ. മാന്ത്രികനായ മനു മങ്കൊന്പാണ് തെരഞ്ഞെടുപ്പു ഫലം മുൻകൂട്ടി പ്രവചിച്ച് നാട്ടുകാർക്ക് അത്ഭുതം സമ്മാനിച്ചത്.
മാവേലിക്കര, ആലപ്പുഴ, തിരുവനന്തപുരം, വയനാട് എന്നീ മണ്ഡലങ്ങളിലെ വിജയികൾ അവർക്കു ലഭിച്ച ഭൂരിപക്ഷം എന്നിവയ്ക്കു പുറമെ പിറ്റേന്ന് ദീപികയടക്കമുള്ള മാധ്യമങ്ങളിൽ വന്ന പ്രധാന തലക്കെട്ടും പ്രവചിച്ചായിരുന്നു ഇന്ദ്രജാലപ്രകടനം. കഴിഞ്ഞ ഏപ്രിൽ 12 നാണ് തെരഞ്ഞെടുപ്പു ഫലങ്ങളടങ്ങിയ മുദ്രപ്പത്രങ്ങൾ രാഷ്ട്രീയ, മാധ്യമ പ്രവർത്തകരുടെ കൈയോപ്പോടുകൂടി ഒന്നിനുള്ളിൽ മറ്റൊന്നെന്ന നിലയിൽ നാലുപെട്ടികളിലായി അടക്കം ചെയ്തത്.
പിന്നീട് ഈ പെട്ടികൾ നാലു താഴുകളിട്ടു പൂട്ടി സിസി ടിവി നിരീക്ഷണത്തിലുള്ള സമീപത്തെ പെട്രോൾ പന്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുട്ടനാട് തഹസിൽദാർ നവീൻ ബാബുവിന്റെ സാന്നിധ്യത്തിൽ പൂട്ടുകൾ തുറന്ന് മുദ്രപ്പത്രങ്ങൾ പുറത്തെടുത്തു. പിന്നീട് തഹസിൽദാർ തന്നെയായിരുന്നു മുദ്രപ്പത്രത്തിലെ ഫലങ്ങൾ വായിച്ചത്. ഇന്നലത്തെ ദിനപ്പത്രങ്ങൾ പ്രദർശിപ്പിച്ചായിരുന്നു തലക്കെട്ടുകൾ വായിച്ചത്.
മാന്ത്രിക പ്രകടനത്തോടൊപ്പം ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികൾക്കു മുൻപിൽ കുട്ടനാടിന്റെ വികസനം സംബന്ധിച്ച നാല് ആവശ്യങ്ങളും മാന്ത്രികൻ മുന്നോട്ടു വയ്ക്കുന്നു. കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിൽ ഫ്്ളൈ ഓവർ സംവിധാനത്തിൽ ആലപ്പുഴചങ്ങനാശേരി റോഡ് പുനർനിർമിക്കുക, കീടനാശിനികളുടെ അമിത ഉപയോഗം നിയന്ത്രിക്കുകയും, ജലാശയങ്ങൾ മാലിന്യവിമുക്തമാക്കുകയും ചെയ്യുക, പ്രളയദുരിതത്തിൽ ജീവനോപാധികൾ നഷ്ടമായ കലാകാരൻമാർക്ക് ദുരിതാശ്വാസ ഫണ്ടിൽ നിന്നും അർഹമായ ധനസഹായം നൽകുകയും, തെരുവു മാന്ത്രികർ, അവശതയനുഭവിക്കുന്ന കലാകാരൻമാർ എന്നിവർക്ക് പെൻഷൻ നൽകുകയും ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.