ആലക്കോട്: അവസരോചിതമായ ഇടപെടലിലൂടെ അറുപതുകാരനായ ബാഡ്മിന്റണ്‍ കളിക്കാരന്റെ ജീവന് രക്ഷിച്ച് സഹകളിക്കാരനായ മലയാളി യുവാവ്. കില്‍ക്കെനി ബാലിറാഗേറ്റ് ബ്രൂക്ക് ഹെവന്‍ നഴ്സിംഗ് ഹോമിലെ ക്ലിനിക്കല്‍ നഴ്സ് മാനേജര്‍ ആലക്കോട് സ്വദേശി മനു മാത്യുവാണ് പുതുവർഷത്തിൽ അയര്‍ലണ്ടില്‍ താരമാവുന്നത്.
രക്ഷപ്പെടാനാവില്ലെന്ന് കരുതിയ നിമിഷങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നതിന്റെ ആഹ്ലാദത്തിലാണ് കില്‍ക്കെനിയിലെ ജോണ്‍ മക് കെയ്സിയും കുടുംബാംഗങ്ങളും. കാര്‍ലോയില്‍ നടന്ന സൗത്ത് വെസ്റ്റ് ലിന്‍സ്റ്റെര്‍ ബാഡ്മിന്റൺ ഫൈനലില്‍ മറ്റു രണ്ടു പേരോടൊപ്പം കില്‍ക്കെനിയെ പ്രതിനിധീകരിച്ച് ഡബിള്‍സ് കളിക്കാനെത്തിയതായിരുന്നു മനുവും ജോണ്‍ മക് കെയ്സിയും.
കളിക്കിടെ ജോൺ കോര്‍ട്ടില്‍ നിന്ന് പുറത്തക്കു പോകുന്നതും മറിഞ്ഞുവീഴുന്നതും കണ്ട് മനു ഓടിയെത്തുകയായിരുന്നു. അപ്പോൾ വായില്‍ നുരയും പതയുമായി വിറയ്ക്കുകയായിരുന്നു ജോൺ. “അപസ്മാരം ബാധിച്ച പോലെയാണ് ആദ്യം തോന്നിയത്. അത്രയും നേരം കളിച്ചു കൊണ്ടിരുന്ന ഒരാള്‍ക്ക് അങ്ങനെ വരാനുള്ള സാധ്യതയില്ലെന്ന് ചിന്തിച്ചപ്പോള്‍ ഹൃദയാഘാതമായിരിക്കാം എന്ന് മനസിലായി.
അപ്പോഴേക്കും ജോൺ അബോധാവസ്ഥയിലായി കഴിഞ്ഞിരുന്നു…’ ആ നിമിഷത്തെകുറിച്ച് ഞെട്ടലോടെ മനു പറയുന്നു. മറ്റാരുടെയും അനുവാദവും സഹായവുമില്ലാതെ പ്രഥമ ശുശ്രൂഷ തുടങ്ങി. ജോണിന്റെ കൈകളും കാലുകളും നേരെയാക്കി എയര്‍ വഴികള്‍ നേരെയാക്കി. ഹൃദയഭാഗത്ത് ശക്തമായി പ്രസ് ചെയ്ത് നോക്കി.വീണ്ടും പള്‍സ് റേറ്റ് നോക്കിയപ്പോഴും യാതൊരു റെസ്പോണ്‍സും ലഭിക്കുന്നില്ലെന്ന് മനസിലായി. മൗത്ത് ടു മൗത്ത് റെസ്ക്യൂ ബ്രീത്ത് കൊടുത്തു.
ആദ്യ തവണ തന്നെ റെസ്പോണ്‍ഡ് ചെയ്ത ജോണിന്റെ ശ്വാസം വീണ്ടും നിന്നു പോകുന്നത് മനു അറിഞ്ഞു. അടുത്തുനില്ക്കുന്നവരും നിരാശരായി. സമയം നഷ്ടപ്പെടുത്താനില്ലെന്ന് ബോധ്യമായ മനു 10 മിനിറ്റ് തുടര്‍ച്ചയായി മൗത്ത് ടു മൗത്ത് റെസ്ക്യൂ ബ്രീത്ത് കൊടുത്തു കൊണ്ടിരുന്നു.
അവസാനം, ജീവന്റെ തുടിപ്പുകള്‍ വീണ്ടും തിരിച്ചു വരുന്നുവെന്ന കണ്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് മനു പറയുന്നു. അപ്പോഴേക്കും ആംബുലൻസും എത്തി. ആശുപത്രിയിൽ എത്തി ച്ചശേഷം നടത്തിയ പരിശോധനയില്‍ നാല് ബ്ലോക്കുകളാണ് ഉണ്ടായിരുന്നതായി കണ്ടെത്തി.ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ് ജോൺ.
കാര്‍ലോയിലെ കായികപ്രേമികള്‍ക്ക് ഇപ്പോൾ മനുവിനെ പുകഴ്ത്താന്‍ വാക്കുകളില്ല. പുതുവര്‍ഷത്തില്‍ അയർലൻഡിലെ മാധ്യമങ്ങള്‍ക്കും ഒരു ഹീറോയെ ഉണ്ടായിരുന്നുള്ളു. കാസില്കോമിറിലെ താമസകാരനായ കണ്ണൂര്‍ ആലക്കോട് വായാട്ടുപറമ്പിലെ തെക്കേകൊട്ടാരം കുടുംബാംഗമായ മനു മാത്യു. 2006 മുതല്‍ കില്‍ക്കെനിയില്‍ ജോലി ചെയ്ത് വരികയാണ് മനു. ഭാര്യ നിഷ എച്ച്എസ്ഇ യുടെ കമ്യൂണിറ്റി നഴ്സായി കില്‍ക്കെനിയില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കളാണ് ഇവര്‍ക്ക്.