മുക്കൂട്ടുതറ: അഞ്ച് വയസ് വരെയേ മനു നടന്നിട്ടുള്ളൂ. പക്ഷെ തനിയെ കാറോടിച്ച് പോകാത്ത സ്ഥലങ്ങളില്ല.
അഞ്ച് ഏക്കർ നിറയെ കൃഷികളും കോഴിയും പശുവും ആടും താറാവും മീനും തേനീച്ചയുമായി മനു നടക്കുകയല്ല മികച്ച വരുമാനത്തോടെ ഓട്ടത്തോട് ഓട്ടമാണ്.
ജീവിക്കാനുള്ള ആ നെട്ടോട്ടത്തിൽ തോറ്റുപോവുകയായിരുന്നു മനുവിനെ അംഗവിഹീനനാക്കിയ വിധി.
വെച്ചൂച്ചിറ അരീപ്പറമ്പിൽ കർഷക ദമ്പതികളായ രാജുവിന്റെയും അന്നമ്മയുടെയും മകനായ മനു (41) വിന് അഞ്ചാമത്തെ വയസിലാണ് പോളിയോ മൂലം ഇരു കാലുകളുടെയും ചലന ശേഷി ഇല്ലാതായത്.
വീട്ടിൽ ഇരുന്ന് പഠിച്ച ശേഷം പരീക്ഷ എഴുതാൻ വേണ്ടിയായിരുന്നു സ്കൂളിലേക്കുള്ള യാത്രകൾ. എസ്എസ്എൽസി കഴിയുമ്പോൾ വീട്ടിലെ കൃഷിയിൽ മനു പതിവ് കർഷകനായി മാറിക്കഴിഞ്ഞിരുന്നു.
33 വർഷം പാലക്കാട് മണ്ണാർക്കാട് ആയിരുന്നു മനുവും കുടുംബവും. മനുവിനെയും കൃഷിയെയും ഏറെ ഇഷ്ടപ്പെട്ട മിനിയെ മിന്നുകെട്ടി ജീവിതസഖിയാക്കിയ ശേഷം എട്ട് വർഷം മുമ്പാണ് വെച്ചൂച്ചിറയിലേക്ക് താമസം ആരംഭിച്ചത്.
ഇപ്പോൾ ആ ഭൂമിയിൽ ഉള്ള കൃഷികൾ എന്തൊക്കെയാണെന്ന് എണ്ണിതിട്ടപ്പെടുത്താൻ ആരും ബുദ്ധിമുട്ടും.
സ്വന്തമായി വിരിയിച്ച് വളർത്തുന്ന 4500 കോഴിക്കുഞ്ഞുങ്ങൾ ഉണ്ട് ഫാമിൽ. 250 റബർ, 400 കാപ്പി, 85 കശുമാവ്, 110 തെങ്ങ്, 350 കമുക്, 500 കുരുമുളക്, 110 കൊക്കോ, 40 പ്ലാവ്, 15 മാവ്, 20 പെട്ടി തേനീച്ച, 10 ശീമപ്ലാവ്, 25 ജാതി, 700 വാഴ, 100 മൂട് കപ്പ, 15 താറാവ്, ഒരു പശു, രണ്ട് ആട്, നാടൻ കോഴികൾക്കൊപ്പം ടർക്കി, കരിങ്കോഴി, ഗിനിക്കോഴി, മത്സ്യകൃഷി, തീറ്റപ്പുൽ കൃഷി, വാനില തോട്ടം, പച്ചക്കറി… അങ്ങനെ നിരവധി കൃഷികളുമായി ജോലി തിരക്കിലാണ് മനു.
കൈകൾ കൊണ്ട് ഉപയോഗിക്കാവുന്ന വിധം ബ്രേക്കും ആക്സിലറേറ്ററും ക്ലച്ചും ഘടിപ്പിച്ച കാർ ആണ് മനുവിന്റേത്.
വെച്ചൂച്ചിറയിലെ കാർഷിക വിപണിയിലാണ് വിളകൾ മിക്കതും വിൽക്കുന്നത്. ഇതിനായി സ്വന്തം ഓട്ടോറിക്ഷയും സ്കൂട്ടറുമുണ്ട്.
ഇവ ഓടിക്കുന്നതും മനു തന്നെ. 2017 ൽ മനുവിന്റെ അമ്മയ്ക്ക് പഞ്ചായത്തിന്റെ മികച്ച വനിതാ കർഷക അവാർഡ് ലഭിച്ചു.
മക്കളെ കഴിഞ്ഞയിടെ വെച്ചൂച്ചിറ സിഎംഎസ് എൽപി സ്കൂളിൽ മികച്ച കർഷകരായി തെരഞ്ഞെടുത്തു. അനു, മിയ, ഏബൽ എന്നിവരാണ് മക്കൾ. വീൽചെയറിൽ ഇരുന്നാണ് മനുവിന്റെ കാർഷിക ജോലികൾ.
നടക്കാനാകാത്ത തനിക്ക് അധ്വാനത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും വഴി വെട്ടിത്തുറന്നു നൽകിയ അച്ഛനും അമ്മയും തുണ പകർന്ന ഭാര്യയും മക്കളുമാണ് ജീവിതവിജയത്തിന്റെ താങ്ങും തണലുമെന്ന് മനു പറയുന്നു.