തൊടുപുഴ: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് ജയിലിൽ ജീവനൊടുക്കിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി മരിച്ച മനുവിന്റെ പിതാവ്.
മകനെ ജയിലിൽ അപായപ്പെടുത്തുകയായിരുന്നെന്നാണ് മനുവിന്റെ പിതാവ് നരിയന്‍പാറ തടത്തുകാലായിൽ മനോജ് ആരോപിക്കുന്നത്. മകന്റെ മരണത്തിനു കാരണക്കാർ കാഞ്ചിയാറ്റിലെ ബിജെപി പ്രവർത്തരാണെന്നും മനോജ് ആരോപിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണ വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നിർദേശപ്രകാരം മധ്യമേഖല ഡിഐജി സാം തങ്കയ്യൻ ഇന്നലെ മുട്ടം ജില്ലാ ജയിലിലെത്തി അന്വേഷണം നടത്തിയിരുന്നു.
മനുവിന്റെ മൃതദേഹം ഇന്ന് ഫോറൻസിക് സർജൻമാരുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. ഇതിനിടെ ആർഡിഒയുടെ സാന്നിധ്യത്തിൽ നടത്തിയ ഇൻക്വസ്റ്റിൽ മനുവിന്റെ ആത്മഹത്യക്കുറിപ്പ് ശരീരത്തിൽ നിന്നും ലഭിച്ചിരുന്നു.
അവൾ പോയി. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. എന്റെ മരണത്തിൽ ജയിൽ ജീവനക്കാർക്കോ തടവുകാർക്കോ പങ്കില്ല എന്ന് വ്യക്തമാക്കിയുള്ള കത്തിൽ ബിജെപിക്കാരെയും കുറ്റപ്പെടുത്തുന്നുണ്ട്.
എന്നാൽ കത്ത് മനു എഴുതിയത് തന്നെയാണോയെന്ന് പോലീസ് വിശദമായി പരിശോധിക്കും. കട്ടപ്പന നരിയന്‍പാറയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ആണ് മനുവിനെ കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ 28ന് ജയിലിൽ പ്രവേശിപ്പിച്ച മനു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.45ഓടെയാണ് ജയിലിലെ മുകളിലെ നിലയിൽ ജനൽ ഗ്രില്ലിൽ തൂങ്ങിമരിച്ചത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയും മരിച്ചിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെയും മനുവിന്റെയും മരണം കഴിഞ്ഞ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം പ്രായപൂർത്തിയാകുന്പോൾ നടത്താൻ ഇരു വീട്ടുകാരും തീരുമാനിച്ചിരുന്നെന്നും
എന്നാൽ ബിജെപി പ്രവർത്തകരാണ് പിന്നീട് പ്രശ്നം വഷളാക്കിയതെന്ന നിലയിലുമുള്ള പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.