പാരീസ് ഒളിമ്പിക്സില്‍ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായി മാറിയ മനു ഭാക്കര്‍ എന്ന ഹരിയാനക്കാരിക്ക് പറയാനുണ്ട്, ഇങ്ങ് കേരളത്തിലെ കൊച്ചു ഗ്രാമമായ ചെറായിയുമായുള്ള ചെറിയൊരു ബന്ധത്തിന്റെ കഥ.
കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ തോക്ക് ചതിച്ചപ്പോൾ തോറ്റ് മടങ്ങേണ്ടിവന്നതിന്റെ നിരാശയില്‍ നിന്ന് കരകയറാന്‍ മനു ഭാക്കര്‍ അഭയം തേടിയത് ചെറായി കടപ്പുറമായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന ചിന്തയുമായി ഇനിയെന്തെന്ന് ആലോചിച്ചിരുന്ന അന്നത്തെ 18 കാരിയുടെ മനോവിഷമം മാറ്റി മനോധൈര്യം പകർന്നത് ഈ കടപ്പുറമായിരുന്നു.
യൂത്ത് ഒളിമ്പിക്സിലും ഷൂട്ടിംഗ് ലോകകപ്പിലുമെല്ലാം സ്വര്‍ണം നേടിയപ്പോള്‍ ഒളിമ്പിക്സ് ഒരു മെഡല്‍ നേടണമെന്നതായിരുന്നു മനുവിന്റെ ഏറ്റവും വലിയ സ്വപ്നം. ടോക്കിയോ ഒളിമ്പിക്സില്‍ എല്ലാ ശുഭമായി നീങ്ങിയപ്പോഴാണ് തോക്ക് പിഴച്ച് പരാജയത്തിന്റെ കയ്പുനീര് കുടിക്കേണ്ടിവന്നത്.
മനുവിന് അത് നല്കിയ നിരാശ ചെറുതായിരുന്നില്ല. അങ്ങനെയാണ് ആശ്വാസം തേടി അവര്‍ ചെറായി കടപ്പുറത്ത് എത്തിയത്. അന്ന് 25 ദിവസം അവര്‍ കേരളത്തിലുണ്ടായിരുന്നു. പിഴയ്ക്കാത്ത ഉന്നത്തിനായുള്ള ആത്മവിശ്വാസവും കരുത്തും അന്ന് ചെറായിലെ കടപ്പുറത്തുനിന്ന് അവര്‍ നേടിയെടുത്തു. ഒരു തിരിച്ചുവരവിന്റെ മോഹവും വിശ്വാസവും ഉള്ളില്‍ വീണ്ടെടുത്തു. അങ്ങനെ തിരിച്ചു വണ്ടികയറിയാണ് മനു വീണ്ടും ഷൂട്ടിംഗില്‍ സജീവമാക്കുന്നത്.