കൊച്ചി: പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന മാരക രാസലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായ കോളജ് വിദ്യാര്‍ഥി വൈറ്റില- പൊന്നുരുന്നി മണ്ണാറക്കര റോഡിലെ കാക്കനം മനുനാഥ് (21) ലഹരി വിറ്റിരുന്നത് സോഷ്യല്‍ മീഡിയ വഴി.
ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയാണ് ഇയാള്‍ മയക്കുമരുന്ന് വില്പനയ്ക്കായി ഉപയോഗിച്ചിരുന്നത്.
ഇയാളില്‍നിന്നു നിരവധി പേര് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി എക്സൈസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് സംഘം ഇയാളോടു ചോദിച്ചപ്പോള്‍ മനുനാഥിന് വൈരാഗ്യമുള്ളവരുടെ പേരുകളാണ് ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
അന്വേഷണത്തോടു സഹകരിക്കാത്ത രീതിയിലാണ് ഇയാള്‍ പെരുമാറിയത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
എറണാകുളം നോര്‍ത്ത് ഭാഗത്ത് ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കാനായി നോര്‍ത്ത് സെന്റ് ബെനഡിക്ട് റോഡില്‍ ഇടനിലക്കാരനെ കാത്തു നില്‍ക്കുമ്പോഴാണ് ഇയാള്‍ എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്.
മൂന്നര ഗ്രാം രാസലഹരിമരുന്നാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. പ്രതി ഉപയോഗിച്ചിരുന്ന ന്യൂജനറേഷന് ബൈക്കും കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എറണാകുളം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ രാംപ്രസാദ്,
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിജീഷ്, അഭിലാഷ്, ഷാഡോ ടീം അംഗങ്ങളായ ടോമി, അജിത് കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.