കൊച്ചി: ട്രെയിന്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി മനുവിന്റെ വന്‍ തട്ടിപ്പ് പൊളിച്ച് റെയില്‍വേ പോലീസ്.
വര്‍ക്കല ചെമ്മരുത്തി തൊണ്ടുവിള വീട്ടില്‍ മനുവാണ് കഴിഞ്ഞ ദിവസം എറണാകുളം റെയില്‍വേ പോലീസിന്റെ പിടിയിലായത്.
ഗൂഗിള്‍ പേ വഴി 15,000 വലിച്ചു
ട്രെയിന്‍ യാത്രയ്ക്കിടെ ഈറോഡില്വച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശിയുമായി ഇയാള്‍ സൗഹൃദത്തിലായി.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കു ചെയ്തു തരാമെന്നു പറഞ്ഞ് അയാളുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം മനു എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി.
ഫോണിന്റെ പാസ് വേര്‍ഡ് മനസിലാക്കിയ ഇയാള്‍ അതില്‍നിന്ന് ഗൂഗിള്‍ പേ വഴി 15,000 രൂപയും തട്ടിയെടുത്തിരുന്നു.
ഈ കേസില്‍ റെയില്‍വേ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മറ്റൊരു തട്ടിപ്പില്‍ ഇയാള്‍ കുടുങ്ങിയത്.
ഫേസ്ബുക്ക് തുറന്നു പിടിയിലായി
സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഇയാള്‍ തട്ടിയെടുക്കുന്ന ഫോണ്‍ വഴി ഫേസ് ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാറുണ്ട്.
അത്തരത്തില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നപ്പോഴാണ് പിടിയിലായത്. തോപ്പുംപടിയില്‍നിന്നാണ് റെയില്‍വേ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ മറ്റൊരു തട്ടിപ്പു കൂടി പുറത്തായി.
അതിഥിത്തൊഴിലാളികളെയും പറ്റിച്ചു
കഴിഞ്ഞ 16-ന് തൃപ്പയാറില്‍ വച്ച് ഇയാള്‍ കുറച്ച് ഇതര സംസ്ഥാന തൊഴിലാളികളുമായി പരിചയപ്പെട്ടു.
അവര്‍ക്ക് കെട്ടിട നിര്‍മാണ ജോലി ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു. തുടര്‍ന്ന് 18-ന് ഇയാള്‍ വീണ്ടും അവിടെയെത്തി.
കോവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റുമായി എത്തിയൽ ഉടന്‍ ജോലിയില്‍ കയറാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു.
ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകള്‍ നന്നായി സംസാരിക്കുന്ന ഇയാള്‍ പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
തുടര്‍ന്ന് തന്റെ ഫോണ്‍ വെള്ളത്തില്‍ വീണതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അവരില്‍ ആരുടെയെങ്കിലും ഫോണ്‍ തരണമെന്നും ആവശ്യപ്പെട്ടു.
കോവിഡ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ എന്നു പറഞ്ഞ് അവരില്‍നിന്ന് കുറച്ചു പണവും വാങ്ങി മുങ്ങുകയായിരുന്നു.
റെയില്‍വേ ഇ്ന്സ്പെക്ടര് ക്രിസ്പിന് സാം, എസ്ഐമാരായ അഭിലാഷ്, പ്രകാശന്, എസ്ഐ ലൈജു, സിപിഒമാരായ മനോജ്, സജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.