കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ പരാതി നൽകിയ ഫോർട്ടുകൊച്ചി സ്വദേശിയായ യുവതിക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ് കോളുകൾ.
കേസിൽനിന്ന് പിൻമാറിയാൽ ലക്ഷങ്ങൾ നൽകാമെന്നു പറഞ്ഞാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി യുവതിയുടെ നന്പറിലേക്ക് കോളുകൾ എത്തുന്നത്.
യുവതിയുടെ കുടുംബം ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം മനുഷ്യക്കടത്തിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ തൃക്കാക്കര സ്വദേശിനി ഇന്നലെ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകി.
കഴിക്കാൻ കൊടുത്തിരുന്നത് ഒരു കുബൂസ് മാത്രം
കുവൈത്തിലെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് മാർച്ച് നാലിന് കൊച്ചിയിലെത്തിയ ഫോർട്ടുകൊച്ചി സ്വദേശിനി നേരിട്ടത് കൊടിയ പീഡനം.
കുട്ടിയെ നോക്കാൻ എന്നു പറഞ്ഞാണ് ഇവരെ അറസ്റ്റിലായ അജുമോന്റെ നേതൃത്വത്തിൽ കുവൈറ്റിലേക്ക് കയറ്റിവിട്ടത്. 60,000 രൂപയാണ് ശന്പളം വാഗ്ദാനം ചെയ്തിരുന്നത്.
പക്ഷേ മനുഷ്യക്കടത്തിന്റെ ആസൂത്രകനായ മജീദ് (എം.കെ. ഗസാലി) ഇവരെ മൂന്നരലക്ഷം രൂപയ്ക്ക് ഒരു അറബി കുടുംബത്തിന് വിറ്റതായി പറയുന്നു.
അവിടെ കുട്ടിയെ നോക്കുന്നതിനൊപ്പം വീട്ടുജോലിയും യുവതിയെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നുവെന്നു പരാതിയിൽ പറയുന്നു.
രാവിലെ ആറു മുതൽ പന്ത്രണ്ടുവരെ ജോലി ചെയ്താൽ മതിയെന്നു പറഞ്ഞിരുന്നെങ്കിലും ദിവസം മുഴുവനും ജോലി ചെയ്യിക്കുമായിരുന്നു.
അൽപസമയം വിശ്രമിച്ചാൽ ചെരിപ്പുകൊണ്ട് അടിയും നിലത്തിട്ടു ചവിട്ടലുമൊക്കെ പതിവായിരുന്നുവെന്ന് യുവതിയുടെ പരാതിയിലുണ്ട്.
ജോലി മാറിത്തരാനായി മുഖ്യ ആസൂത്രകൻ മജീദിനെയും ഏജന്റ് അജുമോനെയും സമീപിച്ചപ്പോൾ മുറി പൂട്ടിയിട്ട് അറബി സ്ത്രീ മർദിച്ചതായും പറയുന്നു.
ഇക്കാര്യങ്ങൾ യുവതിയുടെ ഭർത്താവ് മജീദിനെയും അജുമോനെയും അറിയിച്ചപ്പോൾ മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതായും പറയുന്നു.
പണം നൽകിയിലെങ്കിൽ ഭീകര സംഘടനയായ ഐഎസിനു വിൽക്കുമെന്നും ഇവരുടെ പരാതിയിലുണ്ട്.
പലപ്പോഴും വെള്ളവും ഒരു കുബൂസുമാണ് അവർക്ക് കഴിക്കാൻ നൽകിയിരുന്നത്. മജീദിന്റെ ഫോട്ടോയെടുത്ത് യുവതി നാട്ടിലേക്ക് അയച്ചിരുന്നു.
ഈ ഫോട്ടോ വീണ്ടെടുക്കാനായി ഇവരുടെ മൊബൈൽ ഫോണ് കൈക്കലാക്കാൻ മജീദ് ശ്രമം നടത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.
താമസസ്ഥലത്തെ ലൊക്കേഷൻ മൂന്ന് മലയാളി അസോസിയേഷനുകൾക്ക് അയച്ചു നൽകിയാണ് യുവതിയും കൂടെയുള്ള കൊല്ലം സ്വദേശിനിയും തൃക്കാക്കര സ്വദേശിനിയും അവിടെ നിന്ന് രക്ഷപ്പെട്ടത്.
അജുമോനിൽനിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നു പ്രതീക്ഷ
ഇന്നലെ പോലീസ് കസ്റ്റഡിയിൽ ലഭിച്ച ഏജന്റ് അജുമോനിൽനിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
മുഖ്യപ്രതിയായ മജീദിന്റെ കൊച്ചിയിലെ ഏജന്റാണ് അജുമോൻ. അജുമോനുമായി ഇന്നലെ രവിപുരത്തെ സ്ഥാപനത്തിലും ഇയാളുടെ എം.ജി റോഡിലെ ഫ്ളാറ്റിലും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
മജീദിനായി ലുക്ക് ഔട്ട് സർക്കുലർ
വിദേശത്ത് ഒളിവിൽ കഴിയുന്ന മുഖ്യപ്രതി മജീദിനായി ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയതായും സൂചനയുണ്ട്. കുവൈറ്റിലെ ഇയാളുടെ ഏജൻസി നിർത്തിയതായാണ് വിവരം.