കട്ടപ്പന: ആഡംബര ഹോട്ടലിൽ താമസിച്ച് മുറി വാടകയും ഭക്ഷണത്തിന്റെ പണവും നൽകാതെ മുങ്ങിയ വിരുതനെ ഗോവയിൽനിന്നു പോലീസ് അറസ്റ്റുചെയ്തു.
പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനുമോഹനെ(29) യാണ് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം ഗോവയിലെ കലാംഗട്ടെയിൽനിന്നും അറസ്റ്റുചെയ്തത്.
കുമളി അണക്കരയിലെ ആഡംബര ഹോട്ടലിൽ 2020 ഡിസംബർ 18 മുതൽ 2021 മാർച്ച് ഒൻപതുവരെ കുടുംബസമേതം താമസിച്ച വകയിലും ഭക്ഷണം കഴിച്ച വകയിലും കൊടുക്കുവാനുണ്ടായിരുന്ന 3,17,000-ഓളം രൂപ കൊടുക്കാതെ ഹോട്ടലിൽനിന്നു മുങ്ങിയ പ്രതി ഫോണ് നന്പറുകൾ സ്വിച്ച് ഓഫാക്കി ഒളിവിൽ കഴിയുകയായിരുന്നു.
ഗോവയിൽ ആഡംബര ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. പ്രതി സമാനരീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
എറണാകുളം ജില്ലയിലെ മുനന്പം സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുകൾ ഉള്ളതായി അറിവായിട്ടുണ്ട്.
എറണാകുളത്തുള്ള ഉജ്ജീവൻ ബാങ്കിൽനിന്നും അഞ്ചുലക്ഷം രൂപ വായ്പ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു മുനന്പം സ്വദേശിയിൽനിന്നും ഇയാളുടെ പരിചയക്കാരിൽനിന്നും പണം അപഹരിച്ച കേസും ഇയാൾക്കെതിരേയുണ്ട്.
ഈ കേസിലെ പരാതിക്കാരൻ തുടർന്നുണ്ടായ സാന്പത്തിക പ്രശ്നത്തെതുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു.
വിദേശത്തേക്കുള്ള വീസ നൽകാമെന്ന് വാഗ്ദാനംചെയ്തു പണം തട്ടിയതായി കോട്ടയം പൊൻകുന്നം പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുണ്ട്.
അന്വേഷണ സംഘത്തിൽ എസ്ഐ സജിമോൻ ജോസഫ്, എഎസ്ഐ ബേസിൽ പി. ഐസക്, സിവിൽ പോലീസ് ഓഫീസർമാരായ ടോണി ജോണ്, വി.കെ. അനീഷ് എന്നിവരുണ്ടായിരുന്നു.