വൈപ്പിൻ: മുതിർന്ന സഹോദരങ്ങൾ സംരക്ഷിക്കാൻ ഉണ്ടെന്ന നിയമതടസം മാനുഷയെ ദത്തെടുക്കുന്നതിനു ആലപ്പുഴ തുന്പോളി സ്വദേശികളായ ജിതേഷ്-താര ദന്പതികൾക്ക് തടസമായി. എങ്കിലും വൈപ്പിൻ ഞാറക്കൽ സ്വദേശിയായ ജിജു ജേക്കബ്ബ് മൂഞ്ഞേലിയുടെ കാരുണ്യത്തിൽ മാനുഷയ്ക്ക് കോഴിക്കോട്ട് വീടൊരുങ്ങും.
ദത്ത് നടപടികൾക്ക് നിയമതടസമില്ലെങ്കിൽ വൈപ്പിനിൽ എളങ്കുന്നപ്പുഴയിൽ സ്വന്തം പേരിലുള്ള വീട് നൽകാനായിരുന്നു ജിജു ആദ്യം തീരുമാനിച്ചിരുന്നത്.വ്യാഴാഴ്ച ജിജുവും, ജിതേഷ്-താര ദന്പതികളും കോഴിക്കോട് എത്തി അധികൃതരുമായി ദത്തെടുക്കൽ സംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞപ്പോഴാണ് മറികടക്കാനാവാത്ത കടന്പയുണ്ടെന്നറിയുന്നത്. ഇതേ തുടർന്നാണ് കോഴിക്കോട് തന്നെ മാനുഷക്ക് വീട് നിർമിച്ച് നൽകാൻ ജിജു തീരുമാനിച്ചത്. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വീട് നിർമിച്ചു നൽകും.
ഇക്കാര്യം സഹോദരനും സിനിമാ സംവിധായകനുമയാ ജിബു ജേക്കബ് സുഹൃത്തുക്കളായ ജോജോ ജേക്കബ്, പി.ജി. അനീഷ് എന്നിവർക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിലെത്തിയ ജിജു ജില്ലാ കളക്ടർ സാംബശിവറാവുവിന് രേഖാമൂലം എഴുതി നൽകിയതിനുശേഷമാണ് വ്യാഴാഴ്ച വൈപ്പിനിലേക്ക് മടങ്ങിയത്. മടങ്ങുന്നതിനു മുന്നേ കോഴിക്കോട് കണ്ണിപറന്പ് വൃദ്ധസദനത്തിൽ കഴിയുന്ന മാനുഷയെ സന്ദർശിക്കുകയും ചെയ്തു.
പുറംപോക്കിലെ കൂര പ്രളയത്തിൽ ഒലിച്ചു പോയതിനെ തുടർന്ന് മാവൂർ മണക്കാട് ദുരിതാശ്വാസ ക്യാന്പിൽ പിതാവ് രാജുവിനൊപ്പം എത്തിയതായിരുന്നു നാലാംക്ലാസുകാരിയായ മാനുഷ. രോഗബാധിതനായ പിതാവ് ക്യാന്പിൽ വെച്ച് കുഴഞ്ഞു വീണ് മരിച്ചതോടെ നേരത്തെ മാതാവ് ഉപേക്ഷിച്ചുപോയ മാനുഷ അനാഥയായി. സമൂഹമാധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിച്ചതോടെയാണ് കഴിഞ്ഞ 11 വർഷമായി മക്കളില്ലാതെ ദുഖിതരായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന ജിതേഷ്-താര ദന്പതികളുടെ ശ്രദ്ധയിൽ പെട്ടതും ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതും.
ഇക്കാര്യം അറിയിച്ച് ഇവർ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ജിജുവിന്റെ ശ്രദ്ധയിൽ പെട്ടതോടെ വാടകക്ക് താമസിക്കുന്നതിനാൽ ദത്തെടുക്കലിന്റെ നിയമ തടസം ചൂണ്ടിക്കാട്ടി ജിജു ഒരു കമന്റ് ഇടുകയും നിയമം മറികടക്കാനായി താൻ മാനുഷക്ക് എളങ്കുന്നപ്പുഴയിൽ വീട് നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
ഇതേ തുടർന്നാണ് വ്യാഴാഴ്ച ദന്പതികളും ജിബുവും സുഹൃത്തുക്കളും കോഴിക്കോട് എത്തിയത്. ഞാറക്കലിൽ കാറ്ററിംഗ് ബിസിനസ് നടത്തുകയാണ് ജിജു. കൂടാതെ ജിബുവും ജിജുവും സുഹൃത്തുക്കളും ഉപയോഗ്യമായ വസ്ത്രങ്ങൾ ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന ഗിവ് ആൻഡ് ടേക്ക് എന്ന സ്ഥാപനവും ഞാറക്കലിൽ നടത്തുന്നുണ്ട്.