വൈപ്പിൻ: ഓസ്ട്രേലിയയിലേക്ക് അനധികൃത കുടിയേറ്റം കൊച്ചി വഴി. തമിഴ്നാട്ടുകാരും ശ്രീലങ്കക്കാരും കൊച്ചിവഴി ഓസ്ട്രേലിയയിലേക്കു കടത്തപ്പെടുന്നു. ഐബി അന്വേഷണം ആരംഭിച്ചതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഓസ്ട്രലിയയിൽ അഭയർഥികളെ കുടിയേറ്റക്കാരായി കരുതുമെന്നതാണ് ഇവരെ ആകർഷിക്കുന്നത്. ഓസ്ട്രേലിയൻ നിയമം അനുസരിച്ചു 12 വർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് മനുഷ്യക്കടത്ത്.
രാജ്യന്തര തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്തു സംഘം കൊച്ചിയിൽ താവളമാക്കുന്നുവെന്നും സൂചനയുണ്ട്. രാജ്യാന്തര നിയമങ്ങൾ ലംഘിച്ചു മത്സ്യബന്ധന ബോട്ടിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പോയിരിക്കുന്നത്.
മുനന്പം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കുളച്ചൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
മുനന്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടാണിത്. ഈ മാസം ഏഴിനും 11നുമായി 10 ലക്ഷം രൂപക്കുള്ള ഡീസൽ മുനന്പത്തെ ഒരു പന്പിൽ നിന്നും ഈ ബോട്ടിൽ നിറച്ചിട്ടുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ 6000 ലിറ്റർ ഡീസൽ പ്രത്യേകമായി ബാരലിൽ ആണ് വാങ്ങിയിട്ടുള്ളത്. കൂടാതെ 150 ബ്ലോക്ക് ഐസും ബോട്ടിൽ നിറച്ചതായാണ് അറിവ്.
ബോട്ടിലെ മീനുകൾ ലേലം ചെയ്യുന്ന വ്യക്തിയെ പോലീസ് ഇന്നലെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതു സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം ഏതാണ്ട് 45 ഓളം പേർ സംഘത്തിലുണ്ടെന്നാണ് വിവരം. ഇതിൽ ചില സ്ത്രീകൾ ഗർഭിണികളാണത്രേ. മുനന്പം വഴി ഓസ്ട്രേലിയയിലേക്ക് തിരിക്കാനായി എത്തിയവരാണിതെന്നാണ് സൂചന. ഇവർ താമസിച്ചിരുന്നത് ചെറായി ബീച്ചിലെ ചെറുകിട റിസോർട്ടുകളിലാണ്.
ചെറായി ബീച്ചിൽ നിന്നും ഈ മാസം 12 നു പുലർച്ചെ ഈ സംഘം ഒരു മിനിബസിൽ കയറിയതായി വിവരം ലഭിച്ചുവെങ്കിലുംപിന്നീട് ഇവർ എങ്ങോട്ട് പോയെന്നകാര്യത്തിൽ വ്യക്തതയില്ല. ബോട്ടിൽ കയറി കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം, ഇതിൽ ചിലർ ഓട്ടോറിക്ഷയിൽ നെടുന്പാശേരി ഭാഗത്തേക്ക് പോയിട്ടുള്ളതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ചെറായി ബീച്ചിൽ റൂം എടുത്തപ്പോൾ നൽകിയിരുന്ന ഫോണ് നന്പർ പരിശോധിച്ചപ്പോൾ ഈ നന്പർ ഇപ്പോൾ ഡൽഹിയിൽ ഒരു ടവറിന്റെ പരിധിയിലാണെന്നാണ് കണ്ടെത്തിയത്. കേസ് ഇപ്പോൾ കേരള പോലീസിനു പിന്നാലെ ഐബിയും എൻഐഎയും ഏറ്റെടുത്ത് അന്വേഷിച്ചു വരുകയാണ്.
വടക്കേക്കേര പോലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട മാല്യങ്കരയിൽ ബോട്ടുകൾ കെട്ടുന്ന ഒരു ജെട്ടിയിൽ നിന്നും ശനിയാഴ്ച നാട്ടുകാർ കണ്ടെത്തിയ 14 യാത്രാ ബാഗുകൾ സംബന്ധിച്ച് വടക്കേക്കര പോലീസ് നടത്തിയ അന്വേഷണമാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സംഭവമായി ഉരിത്തിരിഞ്ഞത്. ബാഗിൽ കടലിൽ ദീർഘയാത്രക്കായി ഉപയോഗിക്കുന്ന ഭക്ഷണപദാർഥങ്ങളും എനർജറ്റിക് ഡ്രിംങ്ക്സുകളും വസ്ത്രങ്ങളും മരുന്നുകളുമെല്ലാം കണ്ടെത്തിയതാണ് പോലീസിനു സംശയമുളവാക്കിയത്.
ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇവിടെ നിന്നും ആറു ബാഗുകൾ കൂടി കണ്ടെത്തിയിരുന്നു. റിസോർട്ടുടമകളെയും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പൂർണമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് മുനന്പം പോലീസ് പറഞ്ഞു. റിസോർട്ടിൽ താമസിച്ചിരുന്നവർ കഴിഞ്ഞ മാസം എത്തിയവരാണെന്നാണ് ഉടമകൾ അറിയിച്ചത്. റിസോർട്ടുകളിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരുകയാണ്.
താമസിച്ചിരുന്നവർ അന്യസംസ്ഥാനക്കാരോ അതോ ശ്രീലങ്കൻ അഭയാർഥികളോ ആണോ എന്ന് തിരിച്ചറിയാനായിട്ടില്ലെന്നാണ് പോലീസ് നൽകിയ സൂചന. അതേ സമയം, ഒരു മാസം മുന്പ് മുനന്പത്ത് നിന്നും ആന്ധ്രായിലേക്ക് ഒരു ബോട്ട് ആരോ വാങ്ങിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബോട്ടു വില്പനരംഗത്തെ ബ്രോക്കർമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. ഇതിനു മുന്പ് 2011 ലും , 2012ലും, 2015ലും 2017 ലും മുനന്പവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത് സംഘത്തെ പോലീസ് പിടികൂടിയിരുന്നു.
മനുഷ്യക്കടത്ത് മാത്രമല്ല കള്ളക്കടത്തും നടക്കുന്നുവെന്ന് ബോട്ടുടമകൾ
ചെറായി: മുനന്പം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് മാത്രമല്ല വൻ കള്ളക്കടത്തും നടക്കുന്നുണ്ടെന്ന് ബോട്ടുടമാസംഘം. വർഷങ്ങൾക്ക് മുന്പ് വെള്ളിക്കടത്തും സ്പിരിറ്റ് കടത്തും പോലീസ് ഇവിടെനിന്നും പിടികൂടിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചകളാണ് മുനന്പത്ത് മനുഷ്യക്കടത്ത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് ബോട്ടുടമാസംഘം ചെയർമാൻ പി.പി. ഗിരീഷ് ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പേരിൽ നിരപരാധികളായവരാണ് പലപ്പോഴും ചോദ്യം ചെയ്യലിനു ഇരയാകുന്നത്.
നൂറുകണക്കിനു മത്സ്യബന്ധന ബോട്ടുകളാണ് മുനന്പത്ത് വന്ന് പോകുന്നത്. ഇതിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരുടേതാണ്. പണിക്കാരും അന്യസംസ്ഥാനക്കാരു തന്നെയാണ്. പരസ്പരം ആരും അറിയില്ല. മത്സ്യബന്ധനത്തിന്റെ പേരിലാണ് യാനങ്ങളും തൊഴിലാളികളും ഇവിടെ നിത്യവും എത്തുന്നത്. എന്നാൽ ഇവർ ഇതിനപ്പുറത്തേക്ക് ഏതെങ്കിലും രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഹാർബറിൽ സംവിധാനങ്ങളില്ല.
ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ഹാർബർ മാനേജ്മെന്റ് സൊസൈറ്റി ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. പുലർച്ചെ മൂന്നുമുതൽ സജീവമാകുന്ന ഹാർബറിൽ മതിയായ വെളിച്ചം നൽകാനും അധികൃതർ സംവിധാനം ഉണ്ടാക്കുന്നില്ല. ഈസാഹചര്യത്തിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബോട്ടുടമകൾ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ചെയർമാൻ സൂചന നൽകി.