തൃപ്പൂണിത്തുറ: പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള മെട്രോ റെയിലിന്റെ നിർമാണം ഇനിയും വൈകുമെന്ന് മുൻ മന്ത്രി കെ. ബാബു. ഡിസംബർ ഒന്നിന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ മെട്രോയുടെയും അതിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് ഇന്നലെ പേട്ടയിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്.
യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മെട്രോ നിർമാണത്തിന് 399 കോടി രൂപയുടെയും അടിസ്ഥാന വികസനത്തിന് 123 കോടി രൂപയുടെയും ഭരണാനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇടത് സർക്കാർ അധികാരത്തിൽ വന്നിട്ട് രണ്ടര വർഷക്കാലമായിട്ടും നിർമാണ ജോലിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുകയോ, പേട്ട പാലവും റോഡും നാലുവരിയായി പണിയുകയോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തട്ടില്ലെന്നും കെ. ബാബു ആരോപിച്ചു.
മെട്രോ റെയിൽ നിർമാണം ഡിഎംആർസിയെ തഴഞ്ഞ് മറ്റു സ്വകാര്യ കമ്പനികളിൽ നിന്നും ടെൻഡർ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതാണ് പ്രൊജക്ട് നീളുവാൻ കാരണമെന്ന് മുൻ മുനിസിപ്പൽ ചെയർമാൻ ആർ. വേണുഗോപാൽ ആരോപിച്ചു.