വൈപ്പിന്‍: ശ്രീലങ്കന്‍ മനുഷ്യക്കടത്ത് സംഘം 45 ഓളം ശ്രീലങ്കന്‍ അഭയാര്‍ഥികളെ വിദേശത്തേക്ക് കടത്താനായി കേരളതീരത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ പോലീസ് എന്നീ വിഭാഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി കടലിലും കരയിലുമായി നടത്തി വരുന്ന അന്വേഷമത്തില്‍ ഇതുവരെ ആരെയും കണ്ടെത്താനായില്ല.
അതേ സമയം തെരഞ്ഞെടുപ്പ് ബഹളത്തിനിടയില്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് ബോട്ട് തീരം വിട്ടു പോയിരിക്കുമോയെന്ന സംശയവും ചില ഉദ്യോഗസ്ഥര്‍ക്ക് ഇല്ലാതില്ല.
തിരുവനന്തപുരത്ത് രണ്ട് പേര് അറസ്റ്റിലായതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്ത് സംഘം കേരളത്തില്‍ എത്തിയിട്ടുള്ളതായി ഇന്റലിജൻസിനു വിവരം ലഭിച്ചതെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ ആറിനു തീരം വിട്ടുപോകാനായിരുന്നു പദ്ധതി. മുന്‍ എല്‍ടിടി ക്കാരനായ ശ്രീലങ്കയിലെ മുല്ലൈത്തീവ് സ്വദേശി റോഡ്നി എന്നയാളുടെ നേതൃത്വത്തിലാണ് സംഘം എത്തിയിട്ടുള്ളതത്രേ.
2019 ജനുവരിയില്‍ മുനമ്പത്ത് നിന്നും 250 ഓളം പേരെ മനുഷ്യക്കടത്ത് സംഘം ആസ്ട്രേലിയയിലേക്ക് കടത്തിയിരുന്നു. ബോട്ടില്‍ സ്ഥലമില്ലാതിരുന്നതിനാല്‍ പോകാന്‍ പറ്റാതെ വന്ന 60 ഓളം പേര് തിരികെ പോയിക്കഴിഞ്ഞപ്പോഴാണ് പോലീസ് വിവരം അറിയുന്നത്.
എല്ലാവരും താമസിച്ചിരുന്നത് ചെറായി ബീച്ചിലുള്ള റിസോര്‍ട്ടുകളിലായിരുന്നു. മാല്യങ്കരയില്‍ നിന്നുമാണ് ബോട്ട് വിട്ട് പോയത്. ഇത് പിന്നീട് ഉന്നത തലത്തില്‍ അന്വേഷിച്ചതിനെ തുടര്‍ന്ന് 10 പേരെ അറസ്റ്റ് ചെയ്തെങ്കിലും വിദേശത്തേക്ക് കടന്നവരെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.
ഇവര്‍ ആസ്ട്രേലിയയില്‍ എത്തിയോ അതോ ബോട്ട് കടലില്‍ മുങ്ങിപ്പോയെ എന്ന കാര്യത്തില്‍ ഇതുവരെ ഒരു തുമ്പും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല.