കൊല്ലം: മനുഷ്യകടത്തുമായി ബന്ധപ്പെട്ട് 11പേർ പിടിയിൽ. ഇവരിൽ 9പേർ ശ്രീലങ്കൻ അഭയാർഥി ക്യാന്പുകളിലുള്ളവരാണ്.
മറ്റ് രണ്ടുപേർ ശ്രീലങ്കൻ സ്വദേശികളും. ബോട്ടുമാർഗം ഇവരെ ഓസ്ട്രേലിയിലേക്ക് കടത്താനായിരുന്നു തീരുമാനം.ഏജന്റുപറഞ്ഞതനുസരിച്ച് സംഘം കൊല്ലത്തെ ഒരുസ്വകാര്യ ലോഡ്ജിലെത്തുകയായിരുന്നു.
ഇവിടെവച്ച് ഈസ്റ്റ് പോലീസാണ് ഇന്ന് പുലർച്ചെ സംഘത്തെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് നൽകിയ നിർദേശത്തെതുടർന്നാണ് ഈസ്റ്റ് പോലീസിന് സംഘത്തെ പിടികൂടാനായത്.
മൂന്നിന് നാലുപേർ ലോഡ്ജിലെത്തിയിരുന്നു. ഇന്നലെ ഏഴുപേരും എത്തിയതോടെയാണ് ക്യൂ ബ്രാഞ്ച് പോലീസ് വിവരം കേരളാപോലീസിന് കൈമാറിയത്.
തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാന്പ് തമിഴ്നാട് ക്യൂബ്രാഞ്ച് സംഘംനിരീക്ഷിച്ചുവരികയായിരുന്നു. അഭയാർഥി ക്യാന്പിൽനിന്ന് അടിക്കടി കാണാതാകുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുവന്നിരുന്നു.
ഇതിനെതുടർന്നാണ് കാണാതായവരുടെ വിവരം കേരളാപോലീസിന് കൈമാറിയത്. പോലീസ് കസ്റ്റഡിയിലെടുത്ത സംഘത്തെ തമിഴ്നാട് ക്യൂബ്രാഞ്ച് പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്.
സംഘത്തെ ഏകോപിച്ച് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നൽകിയ ശ്രീലങ്കൻ ട്രിങ്കോമാലി സ്വദേശികളായ പവിത്രൻ, സുദർശൻ എന്നിവരെ കേന്ദ്രീകരിച്ചാണ് പോലീസ് ചോദ്യം ചെയ്യൽ തുടരുന്നത്. കൂടുതൽ പേർ കൊല്ലത്ത് എത്തിയിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.