അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുന്‍ലോക സുന്ദരി മാനുഷി ചില്ലറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
വമ്പന്‍ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമയ്ക്ക് തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് പ്രതികരിച്ചു രംഗത്തു വന്നിരിക്കുകയാണ് മാനുഷി ചില്ലര്‍.
ഒരു അഭിനേത്രിയെന്ന നിലയില്‍ തീര്‍ച്ചയായും സിനിമകള്‍ നന്നായി ചെയ്യണമെന്നും ആളുകള്‍ എന്റെ സിനിമകള്‍ ആസ്വദിക്കണമെന്നുമാണ് എന്റെ ആഗ്രഹം. എന്നാല്‍ എല്ലാ സമയത്തും അത് സംഭവിക്കണമെന്നില്ല. അത് തികച്ചും സാധാരണമായ കാര്യമാണ്. ബോക്സോഫീസ് നമ്പറുകള്‍ അഭിനേതാക്കളുടെ കൈയിലല്ല. അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല -മാനുഷി ചില്ലർ പറഞ്ഞു.
ചിത്രത്തില്‍ ക്യാപ്റ്റന്‍ മിഷ എന്ന കഥാപാത്രത്തെയാണ് മാനുഷി ചില്ലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കബീര്‍ എന്ന പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷന് മെഹ്റ, അലി അബ്ബാസ് സഫര്‍ എന്നിവരാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.