കായംകുളം: ദേശീയപാതയിൽ പില്ലർ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിന് മനുഷ്യമതിൽ തീർത്ത് സമരം സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി.
പുത്തൻ റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രചാരണ ജാഥ കണ്ടല്ലൂർ, ആറാട്ടുപുഴ, ദേവികുളങ്ങര, കൃഷ്ണപുരം, പഞ്ചായത്ത് പ്രദേശങ്ങളിലൂടെ ആരൂടേത്ത് ജംഗ്ഷനിൽ സമാപിച്ചു. ജനകീയ സമരസമിതി ചെയർമാൻ അബ്ദുൽ ഹമീദ് ആയിരത്ത് അധ്യക്ഷത വഹിച്ചു. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
ഹരിഹരൻ, മുബീർ ഓടനാട്, നാസർ, അജീർ യൂനുസ്, സജീർ കുന്നുകണ്ടം, സത്താർ എ.എസ് ,അനസ് ഇല്ലിക്കുളം,സിയാദ് മണ്ണാമുറി, ഹരികുമാർ അടുക്കാട്ട്, സലാഹുദ്ദീൻഅനസ് ഇർഫാനി, അമ്പിളി മോൻ, നിഹാസ് അബ്ദുൽഅസീസ്, സമീർ കോയിക്കലേത്ത്, അൻസാദ്, ഫൈസൽ നേതൃത്വം നൽകി. ദേശീയപാതയിൽ കായംകുളം ഷഹീദാർ മസ്ജിദ് ജംഗ്ഷൻ മുതൽ ചിറക്കടവം വരെ തൂണിൽ തീർത്ത ഉയരപ്പാത നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
നിലവിലെ ദേശീയപാത വികസന രൂപരേഖ നടപ്പിലായാൽ കായംകുളം നഗരം രണ്ടായി വിഭജിക്കപ്പെടുമെന്നും നഗരത്തെ ഗതാഗത കുരുക്കിൽ ശ്വാസം മുട്ടിക്കുമെന്നുമാണ് ആക്ഷേപം. നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ ദേവികുളങ്ങര, കണ്ടല്ലൂർ,മുതുകുളം,ആറാട്ടുപുഴ പഞ്ചായത്ത് നിവാസികൾക്ക് കായംകുളം നഗരത്തിൽ എത്താൻ സുഗമമായ യാത്രയ്ക്ക് തടസം നേരിടുകയും ചെയ്യും.
തൂണിൽ തീർത്ത ഉയരപ്പാത നിർമിക്കാതെ അടിപ്പാത നിർമിക്കുന്നതിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയും തുടർന്ന് ജനകീയ സമര സമിതി രൂപവത്കരിച്ച് മാസങ്ങളായി സമരം തുടർന്നുവരികയുമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് നിർത്തിവെച്ച സമര പരിപാടികളാണ് മാറി വന്ന രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും ശക്തമാവുന്നത്. നിർമാണജോലികൾ അമ്പത് ശതമാനത്തോളം പൂർത്തീകരിച്ചപ്പോഴാണ് കായംകുളത്ത് ഉയരപ്പാത ഇല്ലെന്നു മനസിലായതെന്ന് സമരസമിതി ഭാരവാഹികൾ പറയുന്നു. ഇതോടെ നിലവിലെ പണിനിർത്തിവയ്പ്പിക്കുകയും സമരസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
കെ.സി. വേണുഗോപാൽ എം. പി ആയതോടെ വീണ്ടും നിധിൻ ഗഡ്ഗരിയെ കാണുകയും അദ്ദേഹം കായംകുളത്തിന്റെ ആവശ്യം പരിശോധിക്കാനും പഠിക്കാനും ഉന്നതതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ദേശീയപാത അഥോറിറ്റി അടിപ്പാത നിർമ്മാണവുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.