നടവയൽ: പാന്പുകളെ പിടികൂടുന്നതിൽ വിരുതുകാട്ടി ശ്രദ്ധേയനാകുകയാണ് വനം വകുപ്പിലെ താത്കാലിക ഡ്രൈവർ ആലുങ്കൽതാഴെ പുത്തൻപുരയിൽ മാനുവൽ. മൂർഖനും അണലിയും ഉൾപ്പെടെ ഏതിനം വിഷപ്പാന്പനെയും മാനുവൽ അനായാസം പിടികൂടും.
നാട്ടുകാർ അറിയിക്കുന്നതനുസരിച്ചു പിടിക്കുന്ന പാന്പുകളെ ഉൾവനത്തിലാണ് വിടുന്നത്. ആക്രമണോത്സുകനായി നിൽക്കുന്ന മൂർഖനും മാനുവലിനു മുന്നിൽ പത്തിതാഴ്ത്തും. സാഹസികതയും മെയ്വഴക്കവും മനസാന്നിധ്യവുമാണ് പാന്പുപിടിത്തത്തിൽ ഇദ്ദേഹത്തിനു കൂട്ട്. ഈ വർഷം പാന്പുശല്യം വർധിച്ചതായാണ് മാനുവലിന്റെ അഭിപ്രായം.
മണ്ണിൽ ചൂടു കൂടുന്പോഴാണ് പാന്പുകൾ പ്രധാനമായും പുറത്തുചാടുന്നത്. കുറച്ചുകാലമായി ദിവസവും രണ്ടും മൂന്നും പാന്പുകളെയാണ് പിടിക്കുന്നത്. വീടുകൾ, സ്കൂളുകൾ, അങ്കണവാടികൾ, സ്ഥാപനങ്ങൾ എന്നിവയുടെ പരിസരത്തുനിന്നാണ് പാന്പുകളിൽ അധികവും മാനുവലിന്റെ പിടിയിലാകുന്നത്. പാന്പുശല്യം നേരിടുന്നവർക്ക് വനം വകുപ്പിന്റെ സഹായം തേടാമെന്നും ഒരു പാന്പിനേയും കൊല്ലരുതെന്നും മാനുവൽ പറയുന്നു.