മാന്‍വെട്ടം പള്ളിയില്‍ മോഷണം, അതും പട്ടാപകല്‍! ദേ… കള്ളന്‍ സിസിടിവി കാമറയില്‍; എല്ലാം കഴിഞ്ഞ് പ്രാര്‍ഥനയും; വീഡിയോ

കടുത്തുരുത്തി: മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും പണം കവര്‍ന്ന കള്ളന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം.

പള്ളിക്കകത്ത് തിരുസ്വരൂപത്തിന് മുന്നിലിരുന്ന നേര്‍ച്ചക്കുറ്റിയില്‍ നിന്നാണ് പണം അപഹരിച്ചത്. പല തവണ പള്ളിയുടെ വാതിലിന് സമീപം വന്നെത്തി നോക്കി. ആരും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പണം അപഹരിച്ചത്.

തുടര്‍ന്ന് മുറിയിലെ ക്യാമറയില്‍ കള്ളന്‍ പണം മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വികാരി നരിവേലില്‍ മത്തായി കത്തനാര്‍ പള്ളിയിലേക്ക് കയറി വന്നു. എവിടത്തുകാരനാണെന്ന് ചോദിച്ചു. കല്ലറക്കാരനാണെന്നായിരുന്നു മറുപടി. ഈര്‍ക്കിലി എന്തിനാണെന്ന ചോദ്യത്തിന് പല്ലിട കുത്താനാണെന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് വികാരിയെ കബിളിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടു.

ക്യാമറാദൃശ്യങ്ങള്‍ ഉള്‍പ്പെടെ പള്ളിയധികൃതര്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഏകദേശം 60 വയസിലധികം പ്രായം തോന്നിക്കുന്നയാളാണ് മോഷണം നടത്തിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related posts