തിരുവനന്തപുരം: മണ്വിള ഫാമിലി പ്ലാസ്റ്റിക്സ് ഫാക്ടറിയിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയിൻകീഴ്, കഴക്കൂട്ടം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്.
ഇവരിലൊരാൾ ലൈറ്റർ വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ശന്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യം ഇവർക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇയാൾ കഴക്കൂട്ടത്ത് നിന്നാണ് ലൈറ്റർ വാങ്ങിയതെന്നും സംഭവദിവസം രാത്രി ഫാക്ടറിക്കു സമീപം ഇവർ ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേതുർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
ഫാക്ടറിയിൽനിന്നു പിരിച്ചുവിട്ട മൂന്ന് പേരെയും അന്നേദിവസം ഫാക്ടറിക്കു സമീപം കണ്ടിരുന്നു. പോലീസ് സമീപത്തെ സിസിടിവി പരിശോധിച്ചതിൽനിന്നുമാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇവരെകുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്.
തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് എന്നിവരാണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
ഒക്ടോബർ 31ന് രാത്രിയാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. 12 മണിക്കൂറിനുശേഷമാണ് ഫാക്ടറിയിലെ തീ പൂർണമായും അണയ്ക്കാൻ അധികൃതർക്ക് സാധിച്ചത്. രക്ഷാപ്രവർത്തനത്തിനു ഫയർഫോഴ്സിന്റെ വാട്ടർ ബ്രൗസർ, ഫയർഫൈറ്റിംഗ്, ഫോം കോംമ്പൗണ്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഉപയോഗിച്ചത്. ഇതിനു പുറമേ വിമാനത്താവളത്തിൽ നിന്നുള്ള പാന്തർ എന്ന ഫയർ എൻജിനും തീ അണയ്ക്കുന്നതിനെത്തി.
തീപിടിത്തത്തിൽ 500 കോടി രൂപയുടെ നഷ്ടമാണു പ്രാഥമിക കണക്ക്. ആളപായമില്ലെങ്കിലും രണ്ടും നാലും നിലകൾ വീതമുള്ള രണ്ടു കെട്ടിടങ്ങളും ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും നിർമാണം പൂർത്തിയാക്കിയ ഉത്പന്നങ്ങളും പൂർണമായും കത്തിയമർന്നിരുന്നു.