തിരുവനന്തപുരം: മണ്‍വിളയിൽ പ്ലാസ്റ്റിക് നിർമാണശാലയിലുണ്ടായ തീപിടിത്തത്തിനു പിന്നിൽ അട്ടിമറി സാധ്യത സംശയിക്കുന്നുവെന്ന് ഫാമിലി പ്ലാസ്റ്റിക്സ് അധികൃതർ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വ്യവസായ മന്ത്രി ഇ.പി.ജയരാജനുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്വേഷണം പ്രഖ്യാപിക്കുക. തീപിടിത്തത്തിൽ 500 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു പ്രാഥമിക വിലയിരുത്തൽ.
ബുധനാഴ്ച രാത്രി ഏഴോടെയാണ് തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സ് നിർമാണ സംഭരണ ശാലയിൽ തീപിടിത്തം ആരംഭിച്ചത്. വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന സമ്മേളന വേദിക്ക് സമീപമായിരുന്നു തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനയ്ക്ക് ഏഴു മണിക്കൂർ പ്രയത്നിക്കേണ്ടിവന്നു. കെട്ടിടം പൂർണമായി കത്തിനശിച്ചു.
അഗ്നിശമന സേനയുടെ അന്‍പതിലധികം വാഹനങ്ങൾ എത്തി. കെട്ടിടം പൂർണമായി കത്തിനശിച്ചു. തമിഴ്നാട്ടിൽനിന്നുള്ള രണ്ടു യൂണിറ്റ് ഫയർഫോഴ്സും എയർഫോഴ്സിന്റെ ഫയർഫോഴ്സ് യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വിഷപ്പുക ശ്വസിച്ച് രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്‍വിള സ്വദേശികളായ ജയറാം രഘു(18), ഗിരീഷ് (21) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്ലാസ്റ്റിക് കത്തി വൻതോതിൽ വിഷപ്പുക പടർന്നതിനാൽ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊച്ചുകുട്ടികളും പ്രായമായവരും സൂക്ഷിക്കണം. ശ്വാസകോശ രോഗത്തിനു സാധ്യതയുണ്ട്. പരിസരവാസികൾ പരമാവധി അകലം പാലിക്കാനും നിർദേശം നൽകി. ഫാമിലി പ്ലാസ്റ്റിക് കന്പനിയുടെ നിർമാണ യൂണിറ്റും ഗോഡൗണും ചേർന്നു പ്രവർത്തിക്കുന്നതിനാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളും അസംസ്കൃത വസ്തുക്കളും ഇവിടെയുണ്ടായിരുന്നു.