ന്യൂഡൽഹി: മോദി പങ്കെടുത്ത ഡിസ്കവറി ചാനലിന്റെ മാൻ v/s വൈൽഡ് പരിപാടി ഷൂട്ട് ചെയ്തത് ഫെബ്രുവരി 14നെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയുടെ ചിത്രീകരണം വൈകുന്നേരം മൂന്നിന് മുന്പ് തീർന്നെന്നാണ് റിപ്പോർട്ട്. അന്ന് 3.30നായിരുന്നു ജമ്മുകാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്ക് നേരേ ഭീകരാക്രമണം ഉണ്ടായത്.
ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യൂവരിച്ചിരുന്നു. ജവാന്മാരുടെ മരണത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിൽ കഴിയവേ പ്രധാനമന്ത്രി നരേന്ദ്രമോദി കോർബറ്റ് നാഷണൽ പാർക്കിൽ സിനിമാ ഷൂട്ടിങ് തിരക്കിലും മുതലകളെ നോക്കി ബോട്ട് സവാരി നടത്തുന്ന തിരക്കിലുമായിരുന്നു.’ എന്നാണ് പുൽവാമ ആക്രമണത്തിനു പിന്നാലെ കോണ്ഗ്രസ് നേതാവ് രണ്ദീപ് സിങ് സുർജേവാല പറഞ്ഞത്.
അന്നേദിവസം വൈകുന്നേരം ആറരവരെ ഷൂട്ടിങ് നീണ്ടു. വൈകുന്നേരം 6.45ന് അദ്ദേഹം ചായയും പലഹാരവും കഴിച്ചു. ഇത്രയും ഭീകരമായ ഒരാക്രമണം നടന്ന് നാലു മണിക്കൂർ കഴിയും മുന്പ് തന്നെ മോദി സ്വന്തം ബ്രാന്റിങ്ങിന്റെയും ഫോട്ടോഷൂട്ടിന്റെയും തിരക്കിലായിരുന്നുവെന്നത് ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുൽവാമ ആക്രമണത്തിന്റെ കാര്യം അജിത് ഡോവൽ കൃത്യസമയത്ത് മോദിയെ അറിയിച്ചിരുന്നില്ലെന്നും മോദിക്ക് അതിൽ അതൃപ്തിയുണ്ടായിരുന്നെന്നും പിന്നീട് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
സാഹസികയാത്രികൻ ബിയർ ഗ്രിൽസ് എന്ന എഡ്വേർഡ് മൈക്കിൾ ഗ്രിൽസ് അവതരിപ്പിക്കുന്ന മാൻ v/s വൈൽഡിലെ നരേന്ദ്ര മോദി പങ്കെടുത്ത എപ്പിസോഡ് ചിത്രീകരിച്ചത് ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് നാഷണൽ പാർക്കിലാണ്. നിരവധി വർഷം മലനിരകളിലും വനങ്ങളിലുമായി പ്രകൃതിയോടിണങ്ങി ജീവിച്ചു. അത് തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിനതീതമായി പ്രകൃതിയോടിണങ്ങിയുള്ള പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എനിക്ക് വളരെ കൗതുകം തോന്നി- പരിപാടിയെക്കുറിച്ച് മോദി പറഞ്ഞു.
ഇന്ത്യയുടെ പാരിസ്ഥിതിക പൈതൃകത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും പരിസ്ഥിതി സംരക്ഷണത്തിൽ ഉൗന്നൽ നല്കാനും പരിപാടി വലിയ അവസരമായി എന്നും അദ്ദേഹം പറഞ്ഞു.നരേന്ദ്ര മോദിയുമായുള്ള നിമിഷങ്ങളിൽ വളരെ അഭിമാനം തോന്നുന്നുവെന്നാണ് ഗ്രിൽസ് പ്രതികരിച്ചത്. മൃഗസംരക്ഷണം, പാരിസ്ഥിതിക മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കനാണ് മോദി പരിപാടിയിൽ പങ്കെടുക്കുന്നത്.
ബിയർ ഗ്രിൽസിനൊപ്പം പ്രധാനമന്ത്രി പങ്കെടുത്ത മാൻ v/s വൈൽഡ് എപ്പിസോഡ് ഓഗസ്റ്റ് 12ന് രാത്രി ഒന്പതിനു ഡിസ്കവറി ചാനലിൽ കാണാം. പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.