ദേഷ്യം വന്നാൽ പലർക്കും പല സ്വഭാവമാണ്. ചിലർ അമിതമായി രോക്ഷാകുലരാകും, ചിലർ കുറച്ചു ദിവസത്തേക്ക് സംസാരിക്കില്ല, മറ്റു ചിലർ സാധനങ്ങൾ നശിപ്പിക്കും, ചിലരാകട്ടെ അൽപം ബലപ്രയോഗത്തിന് മുതിരും.
എന്നാൽ ഇറ്റലിയിൽ ഭാര്യയുമായി വഴക്കിട്ട ഒരാൾ തെരഞ്ഞെടുത്ത് വ്യത്യസ്ത വഴിയാണ്.
വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ നടന്ന് തീർത്തത് 420 കിലോമീറ്ററാണ്. ഒരാഴ്ച മുഴുവൻ അയാൾ ആ നടത്തം തുടർന്നു.
420 കിലോമീറ്ററോളം നടന്ന അദ്ദേഹത്തെ ഒരാഴ്ചയ്ക്ക് ശേഷം, അഡ്രിയാറ്റിക് തീരത്തുള്ള ഗിമാരയിൽ പോലീസ് പട്രോളിംഗ് സംഘം തടയുകയായിരുന്നു.
കൊറോണയെത്തുടർന്ന് ഇറ്റലിയിൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
ആളുകൾ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസുകാർ ഗിമാറയിലെ തെരുവുകളിൽ പട്രോളിംഗ് നടത്തുകയായിരുന്നു.
അപ്പോഴാണ് രാവിലെ രണ്ട് മണിക്ക് ഒറ്റയ്ക്ക് ഒരു മനുഷ്യൻ നടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഒരാഴ്ച മുമ്പ് താൻ ഭാര്യയുമായി വഴക്കിട്ടുവെന്നും തല ചൂടുപിടിച്ചപ്പോൾ ഒന്ന് നടക്കാൻ ഇറങ്ങിയതാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
അയാളുടെ അസാധാരണമായ ഈ വിശദീകരണം കേട്ട പോലീസ് അയാളുടെ പേരിൽ കേസൊന്നും എടുത്തില്ല. പക്ഷേ കർഫ്യൂ ലംഘിച്ചതിന് 35,000 രൂപ പിഴ ഈടാക്കി.