ആലുവ: ഒരു രൂപ നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ പൃഥ്വിരാജ് മരണപ്പെട്ടിന് ഒരു വർഷം തികയുന്നു.
അമ്മയ്ക്ക് സർക്കാർ നൽകിയ ജോലിയിൽനിന്ന് ആറു മാസം കഴിഞ്ഞു പിരിച്ചുവിട്ടപ്പെട്ടതോടെ ഇവരുടെ ജീവിതവും വഴിമുട്ടി.
കൊല്ലം സ്വദേശിനി ആലുവ എടപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജ്(3) ആണ് 2020 ഓഗസ്റ്റ് രണ്ടിനു മരണമടഞ്ഞത്.
ഓഗസ്റ്റ് ഒന്നിനു നാണയം വിഴുങ്ങിയ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മതിയായ ചികിത്സ കിട്ടിയില്ലെന്നായിരുന്നു ആരോപണം.
ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെത്തിയാണ് ഇവർ ചികിത്സ തേടിയത്.
കടുങ്ങല്ലൂരിലെ വാടക വീട്ടിൽനിന്നു പുലർച്ചെ ആലുവ ജില്ലാശുപത്രിയിൽ കൊണ്ടുവന്ന ശേഷമാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്.
ഇതോടെ മാതാവ് മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചു. തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങൾ അരങ്ങേറി.
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ കുടലിൽനിന്ന് നാണയം ലഭിച്ചിരുന്നു. എന്നാൽ മരണകാരണം ശ്വാസംമുട്ടും ഹൃദയത്തകരാറുമാണെന്നായിരുന്നു പോലീസ് സർജന്റെ കണ്ടെത്തൽ.
നീതി തേടി നന്ദിനി ജില്ലാശുപത്രിക്കു മുന്നിൽ ഒരു മാസം നീളുന്ന സമരം നടത്തി. പട്ടികജാതി, പട്ടികവർഗ സംഘടനകൾ നേതൃത്വം നൽകി.
സമരം പിൻവലിക്കാൻ സർക്കാർ നൽകിയ ഉറപ്പാണ് അമ്മയ്ക്കു ജോലി നൽകാമെന്നത്.
ആലുവയിലുള്ള പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ 6,000 രൂപ ശമ്പളത്തിനു സ്വീപ്പറായി ജോലി നൽകിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രം അടച്ചതോടെ നന്ദിനിയെ പിരിച്ചുവുകയായിരുന്നു.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടു നൽകാമെന്നും, മകന്റെ മരണത്തിൽ തുടരന്വേഷണം നടത്താമെന്നുമുള്ള വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല.
ഇപ്പോൾ എടയപ്പുറത്ത് അമ്മ യശോദയോടൊപ്പമാണ് ഇവർ താമസിക്കുന്നത്. ഭർത്താവ് കർണാടകയിലേക്ക് മടങ്ങിപ്പോയതോടെ ഇയാളുടെ സഹായവും ഇല്ലാതായി.
കുട്ടിയുടെ പിതാവ് രാജു ബംഗളൂരുവിൽ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആണ്. ബിസിനസ് ഡിപ്ലോമ പഠിക്കാനായി ബംഗളൂരുവിലേക്കുപോയ നന്ദിനി അവിടെ വച്ചാണ് രാജുവിനെ പരിചയപ്പെട്ടത്.
ഇന്നലെ രാജുവിനെ ബന്ധപ്പെട്ടെങ്കിലും നിസംഗതയോടെയാണ് രാജു ‘ദീപിക’ യോട് പ്രതികരിച്ചത്.