തലശേരി: പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ വധക്കേസിലെ പ്രതി കൂലോത്ത് രതീഷ് ഒളിവിൽ കഴിയവെ തൂങ്ങിമരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ.
ആളൊഴിഞ്ഞ പറമ്പിൽ ഒളിവിൽ കഴിയവെ പ്രാഥമിക കൃത്യം നിർവഹിക്കാനെന്ന് പറഞ്ഞ് പറമ്പിലേക്ക് നടന്ന് പോയ രതീഷിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഒളിവിൽ കഴിഞ്ഞ കൂട്ടു പ്രതിയുടെ മൊഴി.
സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിക്രമന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പെരിങ്ങളം ഓച്ചിറക്കൽ പീടിക ഒതയോത്ത് വീട്ടിൽ വിപിനാണ് (28) ഇതു സംബന്ധിച്ച് പോലീസിന് മൊഴി നൽകിയത്.
ഈ കേസിൽ നേരത്തെ അറസ്റ്റിലായ ശ്രീരാഗും രതീഷും താനും ഒരുമിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
പ്രാഥമിക കൃത്യം നിർവഹിച്ച് വരാമെന്ന് പറഞ്ഞ് പോയ രതീഷിനെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് വിപിൻ പറയുന്നു.
വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരിയിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസായ ഗവ. റസ്റ്റ് ഹൗസിലെത്തി വിപിനെ വിശദമായി ചോദ്യം ചെയ്തു.
വിപിനോടൊപ്പം അറസ്റ്റിലായ പുല്ലൂക്കര ഒതയോത്ത് വീട്ടിൽ സംഗീതിനേയും (22) കോഴിക്കോട് നിന്നെത്തിയ ജില്ലാ ക്രൈംബ്രാഞ്ച് സംഘവും സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സംഘവും ചോദ്യം ചെയ്തു.
മൻസൂറിന് നേരെ ബോംബെറിഞ്ഞത് വിപിനാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി അറിയുന്നു.
രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം കൊലപാതക സംഘത്തിന് സഹായം നൽകിയ പുല്ലൂക്കര എരിക്കൻതൊടിവീട്ടിൽ വിജേഷിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിപിനും സംഗീതും അറസ്റ്റിലായിട്ടുളളത്.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. രണ്ടാം പ്രതിയായി ചേർത്തിരുന്ന പൂല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് രതീഷിനെ കോഴിക്കോട് ജില്ലയിലെ ചെക്യാട് കായലോട് അരുണ്ടയിൽ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
നേരത്തെ സംഭവ സ്ഥലത്ത് വച്ചു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ച ഷിനോസിനെ കൂടാതെ, അനീഷ് ,പുല്ലൂക്കര സൗപർണികയിൽ അശ്വന്ത്, പുല്ലൂക്കര ദേവീകൃഷ്ണയിൽ ശ്രീരാഗ് എന്നിവരും പിടിയിലായിരുന്നു.