തിരുവനന്തപുരം: ന്യൂനമർദം ശക്തിയായതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടു പേർ മുങ്ങി മരിച്ചു. പെരിയാറിൽ ഒരാളെ കാണാതായി. ആലപ്പുഴയിൽ കുട്ടനാട് തലവടി വാടായ്ക്കകം പാടശേഖരത്തിൽ മടവീണു.
വിവിധ ജില്ലകളിലായി കടലാക്രമണത്തിൽ നൂറിലേറെ വീടുകൾ തകർന്നു. തീരദേശത്തെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കാസർഗോഡ് ജില്ലയിലെ മുസോടി കടപ്പുറത്ത് കടലാക്രമണത്തിൽ ഇരുനില വീട് പൂർണമായി ഇടിഞ്ഞുവീണു. തിരമാല ഉയർന്നതിനെത്തുടർന്ന് ചെല്ലാനം, വൈപ്പിൻ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.
ശക്തമായ തിരയടിയേറ്റ് തിരുവനന്തപുരത്ത് വലിയതുറ കടൽപ്പാലം ചരിഞ്ഞു. കേരളം, ലക്ഷദ്വീപ് കപ്പൽ സർവീസ് നിർത്തിവച്ചു. കണ്ണൂർ തലായിൽ മത്സ്യബന്ധനത്തിനു പോയ മൂന്നു പേരെ കാണാതായി.
കനത്ത കാറ്റിലും മഴയിലും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. നൂറുകണക്കിന് മരങ്ങൾ കടപുഴകിവീണു.
ലൈനുകളിൽ മരങ്ങൾ വീണു വൈദ്യുതിബന്ധം നിലച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പലയിടത്തും രണ്ടു ദിവസമായി വൈദ്യുതിയില്ല.
ഇടുക്കി ജില്ലയിൽ ഇന്നലെ രാത്രി മുതൽ ഇന്നു രാവിലെ എഴുവരെ യാത്രാനിരോധനം ഏർപ്പെടുത്തി. അടിമാലി- മൂന്നാർ റോഡ് മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
അടിമാലി കല്ലാർകുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകൾ തുറന്നു. സംസ്ഥാനത്ത് 71 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു.
ക്യാന്പുകളിൽ 543 കുടുംബങ്ങളിലെ 2,094 പേർ കഴിയുന്നു. ടൗട്ടെ ചുഴലിക്കാറ്റ് കണ്ണൂരിൽനിന്ന് 290 കിലോമീറ്റർ അകലെ കടലിലൂടെ നീങ്ങുന്നതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകി.
മൂന്നു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.
ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് ഉച്ചവരെ കേരളത്തിൽ അതിശക്തമായിരിക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ കാറ്റ് തുടരും.
ഇന്നലെ വൈകുന്നേരത്തോടെ അമിനി ദ്വീപ് തീരത്തുനിന്ന് ഏകദേശം 190 കിലോമീറ്റർ വടക്ക്-വടക്കു പടിഞ്ഞാറും ഗോവയിലെ പനാജി തീരത്ത് നിന്ന് 330 കിലോമീറ്റർ തെക്ക്-തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 11 കിലോമീറ്റർ വേഗത്തിൽ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരം തുടരുകയാണ്.
ഇന്നു പുലർച്ചെയോടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഗുജറാത്തിലെ പോർബന്തർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിൽ പ്രവേശിക്കുമെന്നുമാണു നിഗമനം.