കോട്ടയം: താനൂര്‍ ബോട്ടപകടം വിളിച്ചുവരുത്തിയ ദുരന്തമെന്ന വിമര്‍ശനം ഉയരുമ്പോള്‍ ജില്ലയിലെ ജലഗതാഗത മേഖലയിലും അപകടം പതിയിരിക്കുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകള്‍ കാലപ്പഴക്കം ചെന്നതാണെന്നുള്ളതാണ് പ്രധാന വിമര്‍ശനം.
ഇതുകൂടാതെ കുമരകത്തും വേമ്പനാട്ടുകായലിലും ഫിറ്റ്നസില്ലാത്ത ബോട്ടുകള്‍ ഉല്ലാസ യാത്രയ്ക്കായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഹൗസ് ബോട്ടുകളിലും മറ്റും പരമാവധിയിലധികം ആളുകളുമായിട്ടാണ് പലപ്പോഴും യാത്ര.
അപകടം ക്ഷണിച്ചുവരുത്തുന്ന ഇത്തരം നടപടികള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളാകട്ടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുമില്ല.ജലഗതാഗത വകുപ്പിന്റെ രണ്ടു ബോട്ട് സര്‍വീസുകളാണ് ജില്ലയിലുള്ളത്.
കോട്ടയം-ആലപ്പുഴ, കുമരകം-മുഹമ്മ എന്നിങ്ങനെയാണ് സര്‍വീസുകള്‍. ഇതില്‍ കുമരകം-മുഹമ്മ സര്‍വീസുകള്‍ക്കായി പുതിയ സ്റ്റീല്‍ ബോട്ടുകളാണുള്ളത്.
കോട്ടയം-ആലപ്പുഴ സര്‍വീസുകളില്‍ രണ്ടെണ്ണം കോട്ടയം ഡിപ്പോയുടെയും ഒരെണ്ണം ആലപ്പുഴയുടേതുമാണ്. മൂന്നു ബോട്ടുകളും തടി ബോട്ടുകളാണ്.
എല്ലാ വര്‍ഷവും ഫിറ്റ്നസ് പരിശോധിക്കാറുള്ള ബോട്ടുകള്‍ക്ക് നിലവില്‍ കുഴപ്പമൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങളുണ്ട്.
ഒരു ബോട്ടിന് 75 സീറ്റിംഗ് കപ്പാസിറ്റിയും ഒരു ബോട്ടിന് 101 സീറ്റിംഗ് കപ്പാസിറ്റിയുമാണുള്ളത്. അവധി ദിവസങ്ങളില്‍ ആളുകള്‍ കൂടുതല്‍ കയറാറുണ്ട്.
പരിധിയില്‍ കൂടുതല്‍ ആളുണ്ടെങ്കില്‍ സര്‍വീസ് നടത്തരുതെന്നാണ് നിര്‍ദേശമെങ്കിലും ഇതു പലപ്പോഴും പാലിക്കാന്‍ പറ്റുന്നില്ല. അവധി ദിവസങ്ങളിലും മറ്റും യാത്രക്കാരുടെ ബാഹുല്യം ഏറെയുള്ളതിനാല്‍ ഒരു ബോട്ടുകൂടി അനുവദിക്കണമെന്ന നിര്‍ദേശം ജലഗതാഗത വകുപ്പ് ഇതുവരെ പാലിച്ചിട്ടില്ല.