
റൈസ് പുള്ളര്‍,നാഗമാണിക്യം തുടങ്ങിയ തട്ടിപ്പുകളെക്കുറിച്ച് ഇപ്പോള്‍ അധികം കേള്‍ക്കാറില്ല. എന്നാല്‍ ഇതേ മാതൃകയില്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ഐറ്റമാണ് ‘ചുവന്ന മെര്‍ക്കുറി.
പഴയ ടിവിയും റേഡിയോയും ക്ലോക്കുകളും അന്വേഷിച്ച് ഹൈറേഞ്ചിലേക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ എത്തിയതോടെയാണ് പുതിയ തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്.
മേല്‍പ്പറഞ്ഞ ഉപകരണങ്ങളില്‍ നിന്ന് ചുവന്ന മെര്‍ക്കുറി വേര്‍തിരിച്ചെടുക്കാമെന്നും ഇത് കോവിഡിനു വരെ മരുന്നായി ഉപയോഗിക്കാമെന്നുമാണ് പ്രചാരണം.
പഴയ ഇലക്ട്രോണിക് ഉപകരണങ്ങളായ സി.ആര്.ടി. ടെലിവിഷനുകള്‍, വാല്‍വ് റേഡിയോകള്‍, പെന്‍ഡുലം ക്ലോക്കുകള്‍ എന്നിവയില്‍ ഇത് ഉപയോഗിച്ചിരുന്നതായും ദ്രാവകരൂപത്തിലുള്ള ഈ മൂലകം വിലയേറിയ സംയുക്തമാണെന്നുമാണ് ഇടനിലക്കാര്‍ പറയുന്നത്.
അയല്‍ സംസ്ഥാനത്തുനിന്നും ജില്ലകളില്‍നിന്നും ചുവന്ന മെര്‍ക്കുറി തേടി ആളുകള്‍ എത്തുന്നുണ്ട്. ഈ ദ്രാവകം ഉപയോഗിച്ച് ബോംബുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും കോവിഡ് ചികിത്സിക്കാന്‍ ചുവന്ന മെര്‍ക്കുറി ഉപയോഗിക്കാമെന്നുമൊക്കെ പ്രചാരണമുണ്ട്.
ഉപയോഗശൂന്യമായി പലരും ഉപേക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ക്ക് ഇപ്പോള്‍ വലിയ വിലയാണ് ഇടനിലക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് കച്ചവട ഒരുക്കങ്ങള്‍ നടക്കുന്നത്. ചുവന്ന മെര്ക്കുറിയുണ്ടെന്നുപറയുന്ന സാമഗ്രികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി കൈമാറും.
പരിശോധനകള്‍ക്കും മറ്റുമായി ലക്ഷങ്ങള്‍ ചെലവഴിച്ചാല്‍ ഇരട്ടിയിലേറെ തിരികെ കിട്ടുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് കച്ചവടം തുടങ്ങുന്നത്. വിദഗ്ധരെന്ന് പരിചയപ്പെടുത്തി ആളുകള്‍ നേരിട്ട് എത്തുകയും പരിശോധനകള്‍ നടത്തുകയും ചെയ്യും.
വലിയ തുക കിട്ടുമെന്ന വിശ്വാസത്തില്‍ പലരും പണം മുടക്കും.എന്നാല്‍ മാസങ്ങള്‍ക്കു ശേഷം മാത്രമേ തട്ടിപ്പ് തിരിച്ചറിയാനാകൂ.നിയമപരമല്ലാത്ത ക്രയവിക്രയമായതിനാലും മാനക്കേട് ഭയന്നും ആരും തന്നെ തട്ടിപ്പില്‍ പരാതിപ്പെടാറില്ല. അതിനാല്‍ തന്നെ ഇതുവരെ പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടുമില്ല.