വിതുര: കരാട്ടെയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചു നാടിന്റെ അഭിമാനമായെങ്കിലും മന്യയ്ക്ക് ഇന്നും നേരിടേണ്ടിവരുന്നത് അവഗണന മാത്രം.ദേശീയ ,സംസ്ഥാന തലങ്ങളില്‍ കരാട്ടെ മത്സരത്തില്‍ പങ്കെടുത്തു സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കിയ വിതുര പൊട്ടന്കുളിച്ചപാറ ആദിവാസി സെറ്റില്‍മെന്റിലെ ഗണേശൻ സിന്ധു ദമ്പതികളുടെ മകള്‍ മന്യ (12) എന്ന ആദിവാസി ബാലികയാണ് സ്വപ്നങ്ങൾ എന്നെങ്കിലും പൂവണിയും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. ദേശീയ തലത്തിൽ നേട്ടങ്ങൾ കരസ്ഥമാക്കിയപ്പോൾ നിരവധി പേരാണ് മന്യയ്ക്ക് വാഗ്ദാനങ്ങളുമായെത്തിയത്. എന്നാൽ ഇവയൊന്നും നടപ്പിലായില്ലെന്നു മാത്രം.
കരാട്ടെ പഠനം എന്ന മോഹം മാത്രം സ്വപ്നം കാണുകയും പ്രാരാബ്ദത്തിനിടയിലും സ്വർണത്തിളക്കം നേടി ഏവരുടെയും പ്രശംസയ്ക്കും പാത്രമായ മന്യക്കും കുടുംബത്തിനും മന്ത്രി എ .കെ . ബാലൻ ഉൾപ്പടെയുള്ളവർ ആണ് ശുഭ പ്രതീക്ഷ നൽകിയത്.
കുഞ്ഞായിരിക്കുമ്പോൾ മുതൽ മന്യയ്ക്കു കരാട്ടെ പഠിക്കണമെന്നതു സ്വപ്നമായിരുന്നു. നിത്യവൃത്തിക്കു പോലും നിവൃത്തിയിലാത്ത സാഹചര്യത്തിൽ മകളുടെ ആഗ്രഹം എങ്ങനെ സാധിച്ചുനൽകുമെന്ന ആശങ്കയിലായിരുന്നു മാതാപിതാക്കൾ. മന്യയുടെ ആഗ്രഹം നടത്തി കൊടുക്കണമെന്ന മാതാപിതാക്കളുടെ പ്രാർഥനക്ക് ഫലം കണ്ടു. വിതുര ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനിയായ മന്യയെ ജയകുമാര്‍ എന്ന കരാട്ടെ പരിശീലകന് സൗജന്യമായി പഠിപ്പിക്കാന്‍ തയാറായി. ഏഴാം വയസു മുതല്‍ ആയോധനകല പഠിച്ചുതുടങ്ങി. അനായാസ മെയ്വഴക്കവും അർപ്പണവുമാണ് മന്യക്ക് കരാട്ടെ പഠനത്തിന് കരുത്തു പകരുന്നതെന്നു അധ്യാപകൻ ജയകുമാർ പറയുന്നു.
ഇതിനോടകം നിരവധി മത്സരങ്ങളിൽ മന്യ മാറ്റുരച്ചു .ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മന്യ സ്വര്‍ണം നേടിയിരുന്നു. ബീഹാറില്‍ നടന്ന ഏഴാമത് ഷോബൂക്കായ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ വെള്ളി മെഡലും മന്യ നേടിയിരുന്നു. മത്സരങ്ങളില്‍ പങ്കെടുത്ത് വാരി കൂട്ടിയ മെഡലുകളും ട്രോഫികളും ചോര്‍ന്നൊലിക്കുന്ന കുടിലിന്റെ മൂലയില്‍ കൂട്ടി വച്ചിരിക്കുകയാണ് മന്യ. ഒളിമ്പിക്സില്‍ പങ്കെടുക്കണമെന്നതാണ് മന്യയുടെ ആഗ്രഹം. ഇതിനായി പരിശീലകൻ ജയകുമാര്‍ ചിട്ടയായ പരിശീലനമാണ് മന്യയ്ക്ക് നല്‍കുന്നത്. ഒളിമ്പിക്സ് ലക്ഷ്യത്തോടൊപ്പം അടച്ചുറപ്പുള്ള വീടും ഈ കൊച്ചു മിടുക്കിയുടെ സ്വപ്നമാണ്.