ന്യൂഡല്‍ഹി: ഒരുകാലത്ത് രാജ്യത്തിന്റെ പലഭാഗത്തും നിര്‍ണായക സ്വാധീനം ചെലുത്തിയ മാവോയിസ്റ്റുകള്‍ നിലവില്‍ നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് സിആര്‍പിഎഫ് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യപ്പെട്ട അംഗങ്ങളും അവരുടെ ഒളിത്താവളങ്ങളില്‍ നിന്നും കണ്ടെത്തിയ രചനകളും ഇക്കാര്യം ബോദ്ധ്യപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സീനിയര്‍ മാവോയിസ്റ്റ് നേതാക്കള്‍ പണത്തിനു പ്രാധാന്യം നല്കുമ്പോള് സംഘടനയ്ക്കു വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നും വിവരമുണ്ട്.
യുവനേതാക്കള്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയാണ്. പണവും സമ്പത്തും കൊണ്ടുള്ള സുഖജീവിതം ആസ്വദിക്കുന്ന സീനിയര്‍ നേതാക്കള്‍ യുവാക്കളുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാറേയില്ല. ഇതു കാരണം നേതൃത്വത്തില്‍ അതൃപ്തരായ മദ്ധ്യനിരക്കാരായ സഖാക്കള്‍ കീഴടങ്ങുകയാണെന്നാണ് കണ്ടെത്തല്‍. ഈ വര്‍ഷം ഇതുവരെ 359 മാവോയിസ്റ്റുകള്‍ ഈ വര്‍ഷം കീഴടങ്ങി. ഇതില്‍ തന്നെ 217 പേര് മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഛത്തീസ് ഗഡില്‍ നിന്നുമാണെന്നതാണ് യാഥാര്‍ഥ്യം.
ഇതിന് പുറമേ സര്‍ക്കാര്‍ജോലിയും വിദ്യാഭ്യാസത്തിനുള്ള അവസരവും സൃഷ്ടിക്കപ്പെട്ടതോടെ ഗോത്ര വര്‍ഗ്ഗക്കാരും നക്സല്‍ ഗ്രൂപ്പില്‍ ചേരാന്‍ വിസമ്മതിക്കുന്നു. യുവാക്കള്‍ ചേരാന്‍ മടി കാണിക്കുന്നതോടെ ആഴ്ചതോറും മാവോയിസ്റ്റുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരികയാണെന്ന് സിആര്‍പിഎഫ് പറയുന്നു. അതുപോലെ വെടിക്കോപ്പുകളുടെ അഭാവം പാര്‍ട്ടിയുടെ സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയെയും ബാധിച്ചിട്ടുണ്ട്. ആയുധങ്ങള്‍ സമാഹരിക്കുന്ന കാര്യത്തില്‍ സീനിയര്‍ നേതാക്കള്‍ യാതൊരു ശ്രദ്ധയും ചെലുത്തുന്നില്ല.
പല മാവോയിസ്റ്റ് നേതാക്കളും സംഘടന വിടുകയാണ്. ഗോത്രവര്‍ഗ്ഗങ്ങളുടെ ക്ഷേമത്തിനും, കര്‍ഷകരുടെ കാര്യത്തിനും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും വികസനം മാത്രമാണ് ഏക വഴി. ജംപന്ന, പഹാദ് സിംഗ് തുടങ്ങി 20 വര്‍ഷത്തോളം സംഘടനയുമായി സഹകരിച്ചിരുന്ന നേതാക്കള്‍ അടുത്തിടെ കീഴടങ്ങിയത് കടുത്ത നിരാശയിലാണ്. മദ്ധ്യനിര കേഡര്‍മാരുടെ അഭാവം സംഘടനയെ നയിച്ചുകൊണ്ടുപോകാന്‍ തലമുറ പ്രതിസന്ധി നേരിടുന്നെന്നും കേന്ദ്രക്കമ്മിറ്റിയിലേക്കും ആളില്ലാത്ത സ്ഥിതി വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
വിദ്യാഭ്യാസത്തിലൂടെയും മറ്റും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അഭിമാനം ഉയര്‍ത്താന്‍ പോലീസ് അവര്‍ക്കൊപ്പം നില്‍ക്കണമെന്ന് പഹാദ് സിംഗ് കഴിഞ്ഞ ദിവസം അന്വേഷണ ഏജന്‍സികളോട് പറഞ്ഞിരുന്നു. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് വനംവകുപ്പിലും മറ്റും ജോലികള്‍ നല്കി മാവോയിസ്റ്റുകളുടെ ആകര്‍ഷണ വലയത്തില്‍ പെടാന്‍ അവസരം നല്‍കരുതെന്നും പഹാദ് സിംഗ് പറഞ്ഞു. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്,ഛത്തീസ്ഗഡ് സ്പെഷ്യല്‍ സോണ്‍ സെക്രട്ടറിയാണ് സിംഗ്. കാട്ടില്‍ ഒളിച്ചിരിക്കാനും വ്യോമ പ്രതിരോധത്തിലും ആയുധങ്ങള്‍ കേടുപാട് പരിഹരിക്കാനും മാവോയിസ്റ്റുകള്‍ അനുയായികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും സിംഗ് പറഞ്ഞു. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഇന്ത്യയിലെ മാവോസ്റ്റുകളുടെ ചെറുത്തുനില്‍പ്പ് അവസാനിക്കുകയാണോ എന്ന ചോദ്യമാണുയരുന്നത്.