കൽപ്പറ്റ: 2016നു ശേഷം കേരളത്തിൽ കൊല്ലപ്പെട്ടത് എട്ട് മാവോവാദികൾ. പോലീസിന്റെ വെടിയേറ്റാണ് എട്ടുപേരും കൊല്ലപ്പെട്ടത്. വയനാട്ടിൽ കൊല്ലപ്പെട്ട രണ്ടാമത്തെ മാവോവാദിയാണ് വേൽമുരുകൻ.
2016 നവംബർ 24നു നിലന്പൂർ കരുളായി വനത്തിൽ കുപ്പുദേവരാജ്, അജിത എന്നീ മാവോവാദികൾ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു.
2019 മാർച്ച് ആറിനു രാത്രി വയനാട്ടിലെ ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ സി.പി. ജലീൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. 2019 സെപ്റ്റംബർ 28ന് പാലക്കാട് മഞ്ചക്കണ്ടിയിയിൽ മണി വാസക്, കാർത്തി, അജിത, അരവിന്ദ് എന്നിവർ കൊല്ലപ്പെട്ടു.
എട്ടു മരണവും ഏറ്റുമുട്ടലിനിടെ സംഭവിച്ചതാണെന്നാണ് പോലീസ് വാദം. ഇതു അംഗീകരിക്കാൻ മനുഷ്യാവകാശ സംഘടനകൾ തയാറായിട്ടില്ല.
ഏറ്റവും ഒടുവിൽ പാസ്കരൻ മലയിൽ സംഭവിച്ചതും വ്യാജ ഏറ്റുമുട്ടലാണെന്ന നിലപാടാണ് പോരാട്ടം ഉൾപ്പെടെ ചില സംഘടനാനേതാക്കൾക്കുള്ളത്.
2014 ഡിസംബർ ഏഴിനു വൈകുന്നേരം വടക്കേ വയനാട്ടിലെ കുഞ്ഞോം ചപ്പ കോളനിക്കു സമീപം വനത്തിൽ മാവോവദികളും പോലീസുമായി വെടിവയ്പ്പു നടന്നിരുന്നു. ഇതാണ് ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത പോലീസ്-മാവോവാദി ഏറ്റുമുട്ടൽ.