റായ്പുർ: മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഛത്തീസ്ഗഡിലെത്തും.
ബിജാപുർ-സുക്മ ജില്ലകളുടെ അതിർത്തിയിൽ ശനിയാഴ്ചയാണ് 22 ജവാ·ാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അക്രമികൾക്കു തക്കതായ മറുപടി നൽകുമെന്നും ഈ രക്തച്ചൊരിച്ചിൽ പൊറുക്കാനാവാത്തതാണെന്നും അമിത് ഷാ പറഞ്ഞു. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനായി അമിത് ഷാ യോഗം വിളിച്ചിട്ടുണ്ട്.
വനമേഖലയിൽ കെണിയൊരുക്കി കാത്തിരുന്ന മാവോയിസ്റ്റുകൾ ക്രൂരമായ ആക്രമണമാണ് നടത്തിയത്. സൈനികരെ വളഞ്ഞ് നാലുപാടുനിന്നും തലങ്ങും വിലങ്ങും വെടിയുതിർത്തു. മരിച്ച സൈനികരുടെ കൈയിലുണ്ടായിരുന്ന രണ്ടു ഡസനോളം ആയുധങ്ങൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ തുടങ്ങിയവ മാവോയിസ്റ്റുകൾ കൊണ്ടുപൊയി.
നാലു സംഘങ്ങളായാണ് ശനിയാഴ്ച സൈനികർ ഈ പ്രദേശത്ത് സുരക്ഷാ പരിശോധനകൾക്കായി പോയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിലിനിറങ്ങിയ സുരക്ഷാ സൈനികരെ കാത്ത് ആയുധധാരികളായ മാവോയിസ്റ്റ് സംഘം കെണിയൊരുക്കി നിലയുറപ്പിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു ജവാന്മാർ വീരമൃത്യു വരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. ഏറ്റുമുട്ടൽ അഞ്ചു മണിക്കൂറോളം നീണ്ടുനിന്നു. തട്ടിക്കൊണ്ടുപോയ ജവാ·ാരുടെ വെടിയേറ്റു ചിതറിയനിലയിലുള്ള മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയതോടെ മരണസംഖ്യ ഉയർന്നു.
ഒരു വനിതയടക്കം ഒന്പതു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. എന്നാൽ 15 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് സിആർപിഎഫിന്റെ നിഗമനം.അതേസമയം മാവോയിസ്റ്റുകളെക്കുറിച്ച് രഹസ്യ വിവരം നൽകിയവർതന്നെ സൈനികരെ കെണിയിൽ പെടുത്തിയതാണോ എന്നു സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.