മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രമ എന്ന അജിതയുടെ മൃതദേഹം ഗുരുവായൂർ കോട്ടപ്പടിയിലെ പൊതുശ്മശാനത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ സംസ്കരിച്ചു. ഇന്നുരാവിലെ പത്തുമണിയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്നു പോലീസ് അകന്പടിയോടെയാണ് മൃതദേഹം ഗുരുവായൂരിലേക്ക് കൊണ്ടുപോയത്. ഷോളയാർ പോലീസും, തണ്ടർബോൾട്ടും, അഗളി പോലീസും മൃതദേഹം കൈമാറുന്ന സമയത്ത് മെഡിക്കൽ കോളജിൽ എത്തിയിരുന്നു. വനിതാപോലീസ് അടക്കമാണ് ഇവരെത്തിയത്.
പൊതുപ്രവർത്തകരായ മുണ്ടൂർ രാവുണ്ണി, അജിതൻ, ജയിലിൽ കഴിയുന്ന മാവോയിസ്റ്റിന്റെ ഭാര്യ ഷൈന, തമിഴ്നാട്ടിൽ നിന്നുള്ള പാർഥിപൻ എന്നിവർ മൃതദേഹം ഏറ്റുവാങ്ങാനെത്തിയിരുന്നു. അജിതയുടെ ബന്ധുക്കളാരും എത്തിയിരുന്നില്ല. മൃതദേഹം കാണാൻ താൽപര്യമില്ലെന്ന് കഴിഞ്ഞ ദിവസം അജിതയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം തൃശൂരിൽ തന്നെ സംസ്കരിക്കാൻ തീരുമാനമായത്.
മോർച്ചറിക്കു പുറത്തെടുത്ത മൃതദേഹത്തിൽ മുണ്ടൂർ രാവുണ്ണിയും മറ്റും അന്ത്യാഞ്ജലി അർപ്പിച്ച് മാവോ സൂക്തങ്ങൾ മുഴക്കി. തമിഴ്നാട്ടിൽ നിന്നെത്തിയ പാർഥിപൻ തമിഴിലും, കന്നഡയിലും മുദ്രാവാക്യം വിളിച്ചു. സംസ്ഥാന സർക്കാരിനെതിരെയും മുദ്രാവാക്യമുണ്ടായി. ആറ് പോലീസ് വാഹനങ്ങളുടെ അകന്പടിയോടെ പോലീസ് ഏർപ്പെടുത്തിയ സ്വകാര്യ ആംബുലൻസിലാണ് മൃതദേഹം ഗുരുവായൂരിലേക്ക് കൊണ്ടുപോയത്. ഇനി ഒരു മൃതദേഹംകൂടി മോർച്ചറിയിൽ അവശേഷിക്കുന്നുണ്ട്.
അജിതയുടെ മൂന്നാഴ്ച പഴക്കമുള്ള മൃതദേഹം അഴുകിത്തുടങ്ങിയതിനെ തുടർന്നാണ് സംസ്കരിക്കാൻ രുമാനിച്ചത്. കൂടംകുളം അഴകപ്പപുരത്ത് സ്വർണമേരിയുടെ മകൾ അജിതയുടെതാണ് രമയെന്ന പേരിൽ സൂക്ഷിച്ചിരുന്ന മൃതദേഹമെന്നു പോലീസ് കണ്ടെത്തിയിരുന്നു. 2013ൽ ജേർണലിസവും അതിനുശേഷം എൽഎൽബിയും പഠിക്കാൻ പോയ മകൾ പിന്നീട് നാട്ടിലേക്കു തിരികെവന്നിട്ടില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്.
പിന്നീട് സഹപാഠിയെ വിവാഹം കഴിച്ചതായും അറിയാൻ സാധിച്ചു. പോലീസ് നൽകിയ ചിത്രങ്ങൾ കണ്ട് വീട്ടുകാർ അജിതയെ തിരിച്ചറിഞ്ഞെങ്കിലും മൃതദേഹം ഏറ്റുവാങ്ങുന്നതിൽനിന്നു പിൻവലിയുകയായിരുന്നു. ഇക്കാര്യം രേഖാമൂലം പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.