റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 24 ആയി.
ശനിയാഴ്ച സുക്മ, ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടയാത്. ഞായറാഴ്ച വനമേഖലയിൽനിന്ന് 19 ജവാന്മാരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
പ്രദേശത്ത് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി(പിഎൽജിഎ) സംഘടനയിൽപ്പെട്ട മാവോയിസ്റ്റുകളുടെ സാന്നിധ്യമറിഞ്ഞാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ നേരിടാനെത്തിയത്.
ഹിഡ്മ എന്നു പേരായ മാവോയിസ്റ്റ് കമാൻഡറുടെ കീഴിലുള്ള 400 അംഗ മാവോയിസ്റ്റ് സംഘമായിരുന്നു തെകൽഗുഡ ഗ്രാമത്തിനു സമീപമുള്ള വനമേഖലയിലുണ്ടായിരുന്നത്.
ജവാന്മാരെ മൂന്നുവശത്തുനിന്നു വളഞ്ഞ മാവോയിസ്റ്റുകൾ ലൈറ്റ് മെഷീൻ ഗണ്ണുകളും ഐഇഡിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സുരക്ഷാസൈനികരുടെ രണ്ടു ഡസനിലേറെ അത്യാധുനിക ആയുധങ്ങൾ മാവോയിസ്റ്റുകൾ കവർന്നു.
വെള്ളിയാഴ്ച രാത്രിയായിരുന്നു രണ്ടായിരത്തോളം സുരക്ഷാസൈനികർ തെക്കൻ ബസ്തർ വനമേഖലയിൽ മാവോയിസ്റ്റ്വേട്ട ആരംഭിച്ചത്. താരെം, ഉസൂർ, പാമേദ്, മിൻപ, നർസപുരം എന്നിങ്ങനെ അഞ്ചിടത്തുനിന്നായിരുന്നു സുരക്ഷാസൈന്യം മാവോയിസ്റ്റുകളെ നേരിട്ടത്.
താരെമിൽനിന്നു വനമേഖലയിലേക്കു കടന്ന സുരക്ഷാസൈനികർക്കു നേരെയാണു പിഎൽജിഎ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്.