പാലക്കാട്: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളുടെ താവളത്തിൽനിന്ന് സുപ്രധാനമായ രേഖകൾ കണ്ടെത്തിയതായി പോലീസ്. ഇതു സംബന്ധിച്ച രേഖകൾ പുറത്തുവിട്ടു. രേഖാ ചിത്രങ്ങൾ, മാപ്പുകൾ, ഡയറിക്കുറിപ്പുകൾ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.
ഇതിൽ മാവോയിസ്റ്റുകൾ ആക്രമണത്തിന് പദ്ധതിയിടുന്ന കാര്യങ്ങളും വിശദീകരിക്കുന്നതായി പോലീസ് പറഞ്ഞു. ഏതൊക്കെ പ്രദേശങ്ങളിൽ അംഗങ്ങളെ വിന്യസിക്കണം, എങ്ങിനെ ഒളിഞ്ഞിരിക്കണം, ആവശ്യമെങ്കിൽ തുരങ്കങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതകൾ, തണ്ടർബോൾട്ട് അംഗങ്ങളെ വളഞ്ഞ് അക്രമിക്കേണ്ട വിധം എന്നിങ്ങനെയുള്ള കാര്യങ്ങൾ സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകളാണ് കണ്ടെടുത്തത്.
നാലു മാവോയിസ്റ്റുകൾ വെടിയേറ്റുമരിച്ച സ്ഥലത്തെ താത്ക്കാലിക ക്യാന്പിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഹിന്ദിയിലാണ് ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നത്. അഞ്ചാമൊരാൾ ഓടിരക്ഷപ്പെട്ടിരുന്നതായും ഇയാളടങ്ങുന്ന സംഘം ആയുധപരിശീലനം നടത്തുന്ന വീഡിയോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് പോലീസ് കൂടുതൽ വീഡിയോ ദൃശ്യങ്ങളും തെളിവുകളും പുറത്തുവിട്ടിരിക്കുന്നത്.