സ്വന്തം ലേഖകന്‍
കോഴിക്കോട്: മാവോയിസ്റ്റു ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് റിമാന്‍ഡിലായ വിദ്യാര്‍ഥികളും സിപിഎം പ്രവര്‍ത്തകരുമായ അലന് ശുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയെ സമീപിക്കും.ഹൈക്കോടതി അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പോലീസ് തീരുമാനം. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയില്‍ വേണ്ടിവരുമെന്ന് പ്രോസിക്യൂഷന് നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം സിപിഎം തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും നടപടിയെടുക്കുന്നതില്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം തുടരുകയാണ്. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടില്‍ നിന്ന് നിലവില്‍ സിപിഎം പിന്നോട്ടു പോയിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും നിലപാടാണ് ശരിയെന്ന അഭിപ്രായമാണ് കോഴിക്കോട് ജില്ലാകമ്മറ്റിക്കുമുള്ളത്.
ഇന്നുമുതല്‍ നടക്കുന്ന സിപിഎം ലോക്കല്‍ കമ്മിറ്റികളില്‍ അലന്റെയും താഹയുടെയും വിഷയത്തില്‍ പാര്‍ട്ടി നിലപാട് അണികളോട് വിശദീകരിക്കും. യുഎപിഎ ചുമത്തുന്നതിനു പാര്‍ട്ടി എതിരാണെങ്കിലും ഇരുവരുടെയും മാവോയിസ്റ്റ് ബന്ധങ്ങളെ കുറിച്ച് പാര്‍ട്ടിക്ക് നിലവില്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് ജില്ലാകമ്മിറ്റി നിലപാട്. അതേസമയം വിദ്യാര്‍ഥികളായ പ്രവര്‍ത്തകരുടെ നിലപാടുകളും അവരുടെ പ്രവര്‍ത്തന രീതികളും സൂക്ഷ്മമായി വിലയിരുത്താന്‍ അതാത് ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക്കല്‍ കമ്മിറ്റികള്‍ ഇന്നുമുതല്‍ ചേരും. മാവോയിസ്റ്റ് ബന്ധവും യുഎപിഎ ചുമത്തിയതും അതുണ്ടാക്കിയ അവമതിപ്പും പാര്‍ട്ടികീഴ്ഘടകങ്ങളില്‍ പോലും സജീവ ചര്‍ച്ചയായിട്ടുണ്ട്. നിലവില്‍ സിപിഎമ്മിനെ കൊണ്ട് മാവോയിസ്റ്റ് വിഷയത്തില്‍ പരസ്യ നിലപാടെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബിജെപി ആരംഭിച്ചുകഴിഞ്ഞു. വിഷയം സജീവമായി ഉയര്‍ത്തികൊണ്ടുവരാനാണ് ശ്രമം.
ഒളിച്ചുകളി അവസാനിപ്പിച്ച് ഇരുവരെയും പുറത്താക്കാന്‍ പാര്‍ട്ടി മടിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഇന്നലെ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.