കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രിയെ പരസ്യമായി തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലനും താഹയും ഇപ്പോഴും സിപിഎം അംഗങ്ങളാണെന്നും അവർക്കെതിരേ പാർട്ടി നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും മോഹനൻ പറഞ്ഞു.
അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ല. അവരുടെ ഭാഗം കേട്ട ശേഷമേ ഇക്കാര്യം വ്യക്തമാക്കാൻ കഴിയൂ. ഇവർ മാവോയിസ്റ്റുകൾ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞുവല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പറയുന്നത് പോലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലല്ലേ എന്നും മോഹനൻ ചോദിച്ചു.
പക്വതയില്ലായ്മകൊണ്ടോ ഭ്രമംകൊണ്ടോ ചില സ്വാധീന വലയങ്ങളിൽ കുട്ടികൾ പെട്ടിട്ടുണ്ടെങ്കിൽ അവരെ തിരുത്തിയെടുക്കുകയല്ലേ വേണ്ടതെന്നായിരുന്നു മോഹനന്റെ ചോദ്യം. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ ഇരുവർക്കുമെതിരേ നടപടി സ്വീകരിച്ചാൽ അക്കാര്യം മാധ്യമങ്ങളെ അറിയിക്കും. നടപടിയെക്കുറിച്ച് ഇതുവരെ പാർട്ടി പറഞ്ഞിട്ടില്ല എന്നതിന്റെ അർഥം നടപടിയെടുത്തിട്ടില്ല എന്നത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റിലായ അലനും താഹയും എസ്എഫ്ഐ സംഘടനാ സംവിധാനം ഉൾപ്പടെ മാവോയിസ്റ്റ് ആശയ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന പി.ജയരാജന്റെ വാദവും മോഹനൻ തള്ളി. പി.ജയരാജൻ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ല. ജയരാജനോട് ചോദിച്ചിട്ട് ഇക്കാര്യത്തിൽ പ്രതികരിക്കാം. കുട്ടികളെ അറസ്റ്റ് ചെയ്തതിലുള്ള രക്ഷിതാക്കളുടെ പരാതി ഗൗരവമായി കാണുന്നുവെന്നും മോഹനൻ പറഞ്ഞു.