സ്വന്തംലേഖകന്‍
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം കോഴിക്കോടെത്തി. എന്‍ഐഎ കൊച്ചി യൂണിറ്റ് എസ്പി രാഹുല്‍ , ഡിവൈഎസ്പി വിജയന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയത്. സംഘം ഇന്നലെ സിറ്റി പോലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജ്ജുമായി കൂടിക്കാഴ്ച നടത്തി. അതേസമയം കേസ് എന്‍ഐഎ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഇതുവരേയും സിറ്റി പോലീസിന് ലഭിച്ചിട്ടില്ല. ഉത്തരവ് അടുത്ത ആഴ്ച ലഭിക്കുമെന്നാണ് അറിയുന്നത്. ഇതിന് ശേഷം കേസ് ഫയലുകളും അനുബന്ധ രേഖകളും എന്‍ഐഎയ്ക്ക് കൈമാറും.
സംസ്ഥാനത്തിനകത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവമാണെന്നും യുവാക്കള്‍ക്കും മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം എന്‍ഐഎ സംസ്ഥാന ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ലോക്കല്‍ പോലീസ് അന്വേഷിക്കുന്ന കേസ് എന്‍ഐഎക്ക് കൈമാറന്‍ തീരുമാനമായത്.
നവംബര്‍ രണ്ടിനാണ് സിപിഎം പ്രവര്‍ത്തകരായ അലന്മുഹമ്മദ്, താഹഫസല്‍ എന്നിവരെ സംശയാസ്പദമായ സാഹചര്യത്തില്‍ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആള് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരുടേയും കൈയിലുള്ള ബാഗുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസിന് വ്യക്തമായത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും മറ്റും കണ്ടെത്തി.
ഇതോടെ ഇരുവര്‍ക്കുമെതിരേ യുഎപിഎ ചുമത്തി കേസെടുക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നത് പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി ഒടോംമ്പറ്റ മേലേതില്‍ ഉസ്മാനാണെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. തൃശൂര്‍ , വയനാട്, മലപ്പുറം ജില്ലകളിലായി ഉസ്മാന്റെ പേരില്‍ അഞ്ച് യുഎപിഎ കേസുകളുണ്ട്. മറ്റു കേസുകളിലും ഇയാള്‍ പ്രതിയാണ്.