മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അവസാനത്തെ മാവോയിസ്റ്റിന്റെ മൃതദേഹവും ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളിൽ ശ്രീനിവാസന്റെ (42) മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.
ഇന്നു രാവിലെ 11 മണിയോടെ ചെന്നൈ നന്ദനം സ്ട്രീറ്റിൽ നിന്നുള്ള ശ്രീനിവാസന്റെ സഹോദരൻമാരായ രാജഗോപാൽ, ജയറാം, സഹോദരി ഭർത്താവ് രാമു എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്ന് പോലീസ് അകന്പടിയോടെ മൃതദേഹം കോയന്പത്തൂരിലേക്ക് കൊണ്ടുപോയി. ചെന്നൈയിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന കാര്യം കോയന്പത്തൂരിലെത്തിയ ശേഷമേ തീരുമാനിക്കൂവെന്ന് ബന്ധുക്കൾ പറഞ്ഞു.
അതീവ രഹസ്യമായാണ് പോലീസ് ബന്ധുക്കളെ ചെന്നൈയിൽ നിന്നും തൃശൂരിലെത്തിച്ച് മൃതദേഹം വിട്ടുകൊടുത്തത്. പത്രമാധ്യമങ്ങളിലും മറ്റും ചിത്രം കണ്ട് തിരിച്ചറിഞ്ഞാണ് ബന്ധുക്കൾ മൃതദേഹം ശ്രീനിവാസന്റേതാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം വിട്ടുകൊടുക്കുന്പോൾ പൊതുപ്രവർത്തകരോ മാവോയിസ്റ്റ് അനുഭാവികളോ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായിരുന്നില്ല.
പത്തു വർഷം മുന്പാണ് രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ട് ശ്രീനിവാസൻ വീടു വിട്ടത്. നാലു വർഷം മുന്പ് അമ്മ മരിച്ചപ്പോൾ ആരുമറിയാതെ രഹസ്യമായി വന്ന് അമ്മയുടെ മൃതദേഹം കണ്ട് ശ്രീനിവാസൻ മടങ്ങിയിരുന്നു. പിന്നീട് വീട്ടുകാർക്ക് ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. എസിപി ബിജു ഭാസ്ക്കർ, കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസിപി ഫിറോസ് എം ഷഹീർ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം വിട്ടുകൊടുത്തത്.
ആശ്വാസത്തോടെ പോലീസും സേനയും മെഡിക്കൽ കോളജിൽ കാവലൊഴിയുന്നു
സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: അവസാനത്തെ മാവോയിസ്റ്റിന്റെ മൃതദേഹം ആംബുലൻസിൽ കയറ്റി കോയന്പത്തൂരിലേക്ക് കൊണ്ടുപോകുന്പോൾ മെഡിക്കൽ കോളജ് കാന്പസിലെ കാവൽ സേനാംഗങ്ങൾക്ക് ആശ്വാസം. ഒരു മാസത്തോളമായി തൃശൂർ മെഡിക്കൽ കോളജ് കാന്പസും മോർച്ചറി പരിസരവുമെല്ലാം ആയുധമേന്തിയ തണ്ടർബോൾട്ടിന്റെയും പോലീസിന്റേയുമൊക്കെ കാവലിലായിരുന്നു.
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും മൃതദേഹങ്ങൾ സംസ്കരിക്കാതെ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലാണ് പോസ്റ്റുമോർട്ടത്തിനു ശേഷം സൂക്ഷിച്ചിരുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ഓരോ മൃതദേഹങ്ങളായി സംസ്കരിച്ചുകൊണ്ടിരുന്നു. അവസാനത്തെ മൃതദേഹം കോയന്പത്തൂരിലേക്ക് കൊണ്ടുപോയതോടെ മെഡിക്കൽ കോളജ് കാന്പസിലെ സുരക്ഷാകാവലുകളും അവസാനിച്ചിരിക്കുകയാണ്.
നൂറു കണക്കിന് പോലീസുകാരാണ് രാപ്പകൽ കാന്പസിൽ കാവലുണ്ടായിരുന്നത്. വൈദ്യുത വിളക്കുകൾ സ്ഥപിച്ച് പ്രഭാവലയത്തിലായിരുന്നു കാന്പസും പരിസരവും. സഞ്ചാര നിയന്ത്രണമടക്കം ഒരുമാസമായി കടുത്ത നിയന്ത്രണങ്ങളായിരുന്നു ഇവിടെ ഏർപ്പെടുത്തിയിരുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ പോലീസിന് ആശ്വാസമായിരുന്നു. ു