കാങ്കേർ: ഛത്തീസ്ഗഡിൽ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. കാങ്കേർ ജില്ലയിലെ ഹാപാടോല വനമേഖലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബിഎസ്എഫ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി) എന്നിവ സംയുക്തമായാണു മാവോയിസ്റ്റ് വേട്ട നടത്തിയത്. കൊല്ലപ്പെട്ട 29 മാവോയിസ്റ്റുകളുടെയും മൃതദേഹം കണ്ടെടുത്തു.
ഏറ്റുമുട്ടലിനിടെ മൂന്നു സുരക്ഷാ സൈനികർക്കു പരിക്കേറ്റു. റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ അപകടനില തരണം ചെയ്തു. എകെ 47, എസ്എൽആർ, ഇൻസാസ് .303 റൈഫിളുകൾ ഉൾപ്പെടെ വൻ ആയുധശേഖരം കണ്ടെടുത്തുവെന്ന് ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ് പറഞ്ഞു.
സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ നോർത്ത് ബസ്തർ ഡിവിഷനിലെ സീനിയർ കേഡർമാരായ ശങ്കർ, ലളിത, രാജു തുടങ്ങിയവർ പ്രദേശത്തുണ്ടെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാസേന മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയത്. പട്രോളിംഗിനിടെ ഇരു കൂട്ടരും രൂക്ഷമായി ഏറ്റുമുട്ടി.കൊല്ലപ്പെട്ടവരിൽ മാവോയിസ്റ്റ് കമാൻഡർ ശങ്കർ റാവുവും ഉൾപ്പെടുന്നു. ഇയാളുടെ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്നു. മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ഇന്നലെ രാത്രിയും തുടർന്നു. ഈ വർഷം ബസ്തർ മേഖലയിലെ ഏഴു ജില്ലകളിലായി 79 മാവോയിസ്റ്റുകളാണു കൊല്ലപ്പെട്ടത്.
ഈ മാസം ആദ്യം ബിജാപുർ ജില്ലയിൽ 13 മാവോയിസ്റ്റുകൾ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ബസ്തർ മേഖലയിൽ ഉൾപ്പെടുന്ന കാങ്കേർ ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.